മൂന്നാര്‍ വീണ്ടും അതിശൈത്യത്തിലേക്ക്
മൂന്നാര്‍: മൂന്നാര്‍ വീണ്ടും അതിശൈത്യത്തിലേക്ക്. വെള്ളിയാഴ്ച രാത്രിയോടെ താപനില മൈനസ് ഒന്നിലെത്തി. ഈ സീസണില്‍ നാലാം തവണയാണ് മൂന്നാര്‍ മേഖലയില്‍ അതിശൈത്യം അനുഭവപ്പെടുന്നത്.രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഫെബ്രുവരിയില്‍ താപനില ഇത്രയും താഴുന്നത്. സൈലന്റ് വാലി, കന്നിമല, ചെണ്ടുവര, ചൊക്കനാട്, ലാക്കാട് സിമന്റ് പാലം എന്നിവിടങ്ങളില്‍ താപനില മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയും ഉണ്ടായി. ലാക്കാട് സിമന്റ് പാലം, കന്നിമല മേഖലകളിലാണ് ഏറ്റവും കൂടുതല്‍ മഞ്ഞുവീഴ്ചയുണ്ടായത്.
ലക്ഷ്മി എസ്റ്റേറ്റ്, കുണ്ടള, ചെണ്ടുവര എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു രാത്രിയിലെ താപനില. മൂന്നാര്‍ ടൗണില്‍ കുറഞ്ഞ ഒരു ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.
ജനുവരി 18നാണ് മൂന്നാറില്‍ അവസാനമായി മഞ്ഞുവീഴുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മൂന്നുതവണയാണ് മേഖലയില്‍ മഞ്ഞുവീഴ്ചയുണ്ടാകുന്നത്. ഫെബ്രുവരി ഒന്നുമുതല്‍ 15 വരെ താപനില മൂന്ന് ഡിഗ്രി മുതല്‍ 13 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ താപനില പെട്ടെന്ന് കുറഞ്ഞ് മൈനസ് ഒന്നിലേക്ക് എത്തുകയായിരുന്നു. അതിശൈത്യവും മഞ്ഞുവീഴ്ചയും വരുംദിവസങ്ങളിലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.