പൃഥ്വി ഷായെ ആക്രമിച്ച സംഭവം; സപ്ന ഗില്ലിന്റെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്ക് നേരെ സെൽഫി എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തെ അറസ്റ്റിലായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സപ്ന ഗില്ലിന്റെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തതായി മുംബൈ പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. സപ്നയുടെ സുഹൃത്ത് ശോഭിത് ഠാക്കൂറിനെയാണ് അറസ്റ്റ് ചെയ്തത്.
പൃഥി ഷായെ ആക്രമിച്ച സംഭവത്തിൽ എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച അറസ്റ്റിലായ സപ്ന ഗില്ലിനെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. താൻ പൃഥ്വി ഷായെ മർദ്ദിച്ചിട്ടില്ലെന്ന് സപ്ന കോടതിയിൽ പറഞ്ഞു. ക്രിക്കറ്റ് താരം തന്നെ ആക്രമിച്ചതായും സപ്ന ആരോപിച്ചു. പൃഥ്വി ഷായ്ക്ക് മദ്യപിക്കുന്ന ശീലമുണ്ടെന്നും അതിനാലാണ് ബിസിസിഐ വിലക്കിയതെന്നും സപ്നയുടെ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചിരുന്നു.
മുംബൈയിലെ സാന്റക്രൂസിലെ ഒരു ഹോട്ടലിന് മുന്നിൽ വച്ച് പൃഥ്വി ഷായെ ആക്രമിക്കുകയും കാർ നശിപ്പിക്കുകയും ചെയ്തുവെന്നാണ് സപ്ന ഗില്ലിനെതിരെയുള്ള കേസ്. സെൽഫിയെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. പൃഥ്വി ഷായുടെ സുഹൃത്ത് ആശിഷ് യാദവിന്‍റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.