കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കട്ടപ്പന നഗരസഭയ്ക്ക് ഉദാസീനതയെന്ന് ബി.ജെ.പി
കട്ടപ്പന: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ ഉദാസീനതയാണ് കട്ടപ്പന നഗരസഭാ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ബി.ജെ.പി കട്ടപ്പന ഏരിയ പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ. കോവിഡ് ഒന്നാം ഘട്ടത്തില്‍ നഗരസഭയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റുന്ന രീതിയിലാണ് നടന്നിരുന്നത്. നഗരത്തിലെ വ്യാപാര ശാലകളിലും ബസ് സ്റ്റാന്‍ഡിലും ബസ് യാത്രക്കാര്‍ക്കിടയിലും മറ്റു പൊതു ഇടങ്ങളിലും കോവിഡ് ബോധവല്‍ക്കരണ പരിപാടികളും പ്രതിരോധപ്രവര്‍ത്തനങ്ങളിലും കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്ന ആരോഗ്യപ്രവര്‍ത്തകരെ നോക്കുകുത്തികളാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് നഗരസഭയുടെ ഭാഗത്തുനിന്നും ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേവലം വാഹനത്തിലുള്ള അനൗണ്‍സ്‌മെന്റ് മാത്രമാണ് ഇപ്പോള്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായ് കട്ടപ്പനയില്‍ നടന്നുവരുന്നത്. ആരോഗ്യ വിഭാഗത്തിന്റെ പരിശോധനകളോ ഇടപെടലുകളോ ഇല്ലാതെ പൊതുജനങ്ങളുടെ ജീവന്‍വച്ച് പന്താടുകയാണ് കട്ടപ്പന നഗരസഭാ ഭരണകര്‍ത്താക്കളെന്നും പ്രസാദ് വിലങ്ങുപാറ ആരോപിച്ചു.