കോവിഡ് 19 മൂന്നാം തരംഗം; ബാധിച്ചതേറെയും കുട്ടികളെയെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) പഠനമനുസരിച്ച്, കോവിഡ് -19 ന്‍റെ മൂന്നാം തരംഗം ആദ്യത്തെ രണ്ട് തരംഗങ്ങളേക്കാൾ കൂടുതൽ ബാധിച്ചത് കുട്ടികളെ.
മൂന്നാം തരംഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിൽ ഭൂരിഭാഗവും അഞ്ച് വയസ്സിന് താഴെയുള്ളവരാണ്. ആരോഗ്യ മന്ത്രാലയം, എയിംസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയുമായി സഹകരിച്ച് ഐസിഎംആർ നടത്തിയ പഠനമനുസരിച്ച് ഈ പ്രായപരിധിയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
ആദ്യ രണ്ട് തരംഗങ്ങളിലും സ്കൂളുകൾ അടഞ്ഞുകിടന്നതിനാൽ കുട്ടികളെ കാര്യമായി രോഗം ബാധിച്ചിരുന്നില്ല. മൂന്നാം തരംഗത്തിന്‍റെ അവസാനത്തോടെ മുതിർന്നവർ വാക്സിനേഷനിലൂടെ പ്രതിരോധശേഷി നേടിയിരുന്നു. എന്നാൽ, കുട്ടികളിലേക്ക് രോഗം വ്യാപിക്കപ്പെട്ടു. മരണങ്ങളുടെ അനുപാതം ഏറ്റവും ഉയർന്നത് ഒരുമാസംമുതൽ ഒരുവയസ്സുവരെയുള്ള പ്രായക്കാരിലാണ് (12.5 ശതമാനം). നവജാതശിശുക്കൾ (7.2 ശതമാനം), ഒന്നുമുതൽ നാലുവരെ പ്രായമുള്ള കുട്ടികൾ (2.4 ശതമാനം), നാല്-അഞ്ച് മുതൽ ഒമ്പതുവയസ്സുവരെയുള്ളവർ (6.4 ശതമാനം), 10-18 വയസ്സിലുള്ളവർ (5.7 ശതമാനം) എന്നിവരിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തു.