വിലക്കുറവോടെ, പാമോയിലും റൈസ് ബ്രാന്‍ ഓയിലുമടക്കം വിപണിയില്‍ തള്ളിക്കയറിയെത്തുമ്പോള്‍, കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ അഭിമുഖീകരിച്ച കനത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി നാളികേര കര്‍ഷകര്‍
തൃശൂര്‍: വിലക്കുറവോടെ, പാമോയിലും റൈസ് ബ്രാന്‍ ഓയിലുമടക്കം വിപണിയില്‍ തള്ളിക്കയറിയെത്തുമ്പോള്‍, കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ അഭിമുഖീകരിച്ച കനത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി നാളികേര കര്‍ഷകര്‍.കഴിഞ്ഞ വര്‍ഷമുണ്ടായ വന്‍ വിലത്തകര്‍ച്ചയില്‍ നിന്നും ഈ വര്‍ഷം തുടക്കത്തില്‍ ശക്തമായ തിരിച്ചുവരവിന് അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഇടിഞ്ഞ വിലയില്‍ നിന്ന് കരകയറിയില്ല. വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞതാണ് പ്രധാന പ്രതിസന്ധി. കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ ക്വിന്റലിന് 16,000 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ വില പിന്നീട് 12,700ലേക്കാണ് കുറഞ്ഞത്. കിലോഗ്രാമിന് 24 രൂപ പോലും നാളികേരത്തിന് വില ലഭിക്കാതെ വന്നു. വിളവ് ഉയര്‍ത്താന്‍ കര്‍ഷകര്‍ വിയര്‍ക്കുമ്ബോള്‍, താങ്ങുവില പോലും താങ്ങായില്ല. പാമോയില്‍ ഉയര്‍ത്തുന്ന ഭീഷണി ഏതാനും വര്‍ഷമായി തുടരുകയാണ്. വില കുറഞ്ഞതോടെ പാമോയിലിന് ആവശ്യക്കാരേറി. അതേസമയം, റൈസ് ബ്രാന്‍ ഓയില്‍ തുടങ്ങി പേരുകളില്‍ വ്യാജന്മാര്‍ വ്യാപകമായി ഒഴുകുന്നുമുണ്ട്.
താങ്ങാകാതെ താങ്ങുവില
സംസ്ഥാന ബഡ്ജറ്റില്‍ നാളികേരത്തിന്റെ താങ്ങുവില രണ്ട് രൂപ കൂട്ടി 34 രൂപയാക്കിയിരുന്നു. നാളികേര വികസനത്തിനായി 68.95 കോടി വകയിരുത്തിയിട്ടുമുണ്ട്. എന്നാല്‍ കൊപ്ര സംഭരണത്തില്‍ പാകപ്പിഴകളേറെ. 2022ല്‍ സംസ്ഥാനത്ത് സംഭരിച്ചത് 255 ടണ്‍ കൊപ്രയാണ്. തമിഴ്‌നാട്ടിലത് 40,000 ആണ്. കൊപ്ര സംഭരണം കാര്യക്ഷമമല്ലാതായാല്‍ താങ്ങുവില ഉയര്‍ത്തിയാലും ഗുണം ചെയ്യില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. സംഭരിക്കണമെങ്കില്‍ സംഭരണത്തിന് പുതിയ ഏജന്‍സികളെ ഇറക്കണം. റേഷന്‍ കടകളിലൂടെ വെളിച്ചെണ്ണ വില്‍ക്കാനുള്ള പദ്ധതി നടപ്പാക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. എന്നാല്‍ ഇത്തരം തീരുമാനം കേരളത്തിലുണ്ടായിട്ടില്ല.
കൂനിന്മേല്‍ കുരുവായി പൊരിവെയില്‍
2021 ഫെബ്രുവരിയില്‍ ക്വിന്റലിന് 20,850 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണവില പെട്ടെന്നാണ് കൂപ്പുകുത്തിയത്. പ്രളയവും കാലാവസ്ഥാ വ്യതിയാനവും ഉത്പാദനം കുറച്ചു. ഇപ്പോള്‍ കനത്ത ചൂടും തെങ്ങുകൃഷിയെ ബാധിക്കുന്നു. അതേസമയം, സംസ്ഥാനത്ത് നാളികേര ഉത്പാദനം കൂടിയെന്നാണ് കോക്കനട്ട് ഡെവലപ്‌മെന്റ് ബോര്‍ഡ് പറയുന്നത്. ഹെക്ടറില്‍ പരമാവധി 175 തെങ്ങുകള്‍ വേണ്ടിടത്ത് കേരളത്തില്‍ ഇരുന്നൂറില്‍ അധികമുണ്ട്. ഇത് ഉത്പാദനക്ഷമതയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
കൈയാലപ്പുറത്തോ ലാഭം?
ഒരു ഹെക്ടറില്‍ ലഭിക്കുന്ന നാളികേരം: 6,247
തെങ്ങുകൃഷിയുടെ വിസ്തൃതി വര്‍ദ്ധിച്ചത്: 7.67 ലക്ഷം ഹെക്ടര്‍
മൊത്തം തെങ്ങുകള്‍: 15 കോടിയോളം
ലഭിക്കുന്ന നാളികേരം: 479 കോടി.
വിലയുടെ ഏറ്റക്കുറച്ചില്‍
ഇന്നലെ: വെളിച്ചെണ്ണ (ഒരു ക്വിന്റല്‍)13,800, കൊപ്ര 8,600, നാളികേരം 2,850
2022 ഫെബ്രുവരി 19: വെളിച്ചെണ്ണ 15,000, കൊപ്ര 9,200, നാളികേരം 2,800
2021 ഫെബ്രുവരി 19: വെളിച്ചെണ്ണ 20,850, കൊപ്ര 13,650, നാളികേരം 4,425
2020 ഫെബ്രുവരി 19: വെളിച്ചെണ്ണ 16,100, കൊപ്ര 10,590, നാളികേരം 3,500.