തുർക്കി മുൻപ് അയച്ച ദുരിതാശ്വാസ സാമഗ്രികൾ സഹായമെന്ന പേരിൽ തിരിച്ചയച്ച് പാകിസ്ഥാൻ
ഇസ്‌ലാമാബാദ്: ഭൂകമ്പത്തിൽ തകർന്ന തുർക്കിയിലേക്ക് പാകിസ്ഥാൻ ദുരിതാശ്വാസ സാമഗ്രികൾ അയച്ചതിനെച്ചൊല്ലി വിവാദം. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി തുർക്കി നേരത്തെ പാകിസ്ഥാനിലേക്ക് അയച്ച അതേ സാധനങ്ങൾ പാകിസ്ഥാൻ ഇപ്പോൾ തിരികെ നൽകിയെന്നാണ് ആരോപണം.
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ കഴിഞ്ഞ വർഷം ഉണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി തുർക്കി അയച്ച ദുരിതാശ്വാസ സാമഗ്രികൾ ഭൂകമ്പത്തിന് ശേഷം തുർക്കിയിലേക്ക് തന്നെ പാക്കിസ്ഥാൻ രൂപം മാറ്റി അയച്ചുവെന്ന് പാക് മാധ്യമ പ്രവർത്തകനായ ഷാഹിദ് മസൂദാണ് വെളിപ്പെടുത്തിയത്.
പാക്കിസ്ഥാനിലെ ജിഎൻഎൻ എന്ന വാർത്താ ചാനലിലൂടെയാണ് ഷാഹിദ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭൂകമ്പം ബാധിച്ച തുർക്കിയിലേക്ക് പാകിസ്ഥാൻ സി -130 വിമാനത്തിലാണ് ദുരിതാശ്വാസ സാമഗ്രികളും രക്ഷാപ്രവർത്തകരെയും അയച്ചത്. തുർക്കി അയച്ച അതേ ദുരിതാശ്വാസ സാമഗ്രികളാണ് പാകിസ്ഥാൻ വീണ്ടും പായ്ക്ക് ചെയ്ത് തിരിച്ചയച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.