ആലുവ മണപ്പുറം ശിവരാത്രി ആഘോഷത്തിന് ഒരുങ്ങി കഴിഞ്ഞു
കൊച്ചി : ആലുവ മണപ്പുറം ശിവരാത്രി ആഘോഷത്തിന് ഒരുങ്ങി കഴിഞ്ഞു. കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ശിവരാത്രിക്കായി ആലുവയില്‍ ഭക്തര്‍ എത്തിത്തുടങ്ങി.116 ബലിത്തറകളാണ് തിരക്ക് കണക്കിലെടുത്ത് ഇത്തവണ ബലിതര്‍പ്പണത്തിനായി പെരിയാറിന്‍റെ തീരത്ത് ഒരുക്കിയിരിക്കുന്നത്. ആലുവ മണപ്പുറത്തെ കുറിച്ചുള്ള ‘പൂഴിയിട്ടാല്‍ വീഴാത്ത മണപ്പുറം’ എന്ന പ്രയോഗം ഇത്തവണ അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് കരുതുന്നത്. ആലുവ മണപ്പുറത്ത് ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മണപ്പുറത്ത് ഒരേസമയം 2,000 പേര്‍ക്ക് ബലിയര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ആലുവ നഗരസഭ, പൊലീസ്, അഗ്നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തില്‍ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് നാല് മുതല്‍ നാളെ ഉച്ചയ്ക്ക് 2 മണി വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. സുരക്ഷയ്ക്കായി 1,200 പൊലീസുകാരെ വിന്യസിക്കും. തിരക്ക് ഒഴിവാക്കാന്‍ കെ.എസ്.ആര്‍.ടി.സി 210 സ്പെഷ്യല്‍ സര്‍വീസുകളാണ് നടത്തുന്നത്. സ്വകാര്യ ബസുകള്‍ക്കും പ്രത്യേക പെര്‍മിറ്റ് നല്‍കും. ആലുവയിലേക്ക് റെയില്‍വേ പ്രത്യേക ട്രെയിനും കൊച്ചി മെട്രോ അധിക സര്‍വീസും നടത്തും.