ക്യാമറ നിർദേശം അപ്രായോഗികം, സർവ്വീസുകൾ നിർത്തിവെക്കും: ബസുടമകൾ
പാലക്കാട്: ഫെബ്രുവരി 28നകം സ്വകാര്യ ബസുകളിൽ ക്യാമറ സ്ഥാപിക്കണമെന്ന ഗതാഗത വകുപ്പിന്‍റെ നിർദേശം അപ്രായോഗികമെന്ന് ബസുടമകൾ. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാൽ റോഡ് സുരക്ഷാ ഫണ്ടിൽ നിന്ന് ക്യാമറ അനുവദിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. ഇതിന്‍റെ പകുതി തുക റോഡ് സുരക്ഷാ ഫണ്ടിൽ നിന്ന് നൽകുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
ക്യാമറകൾ സ്ഥാപിക്കുന്നത് ബസുകളുടെ ഫിറ്റ്നസ് പരിശോധനാ സമയം വരെ നീട്ടണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ മാർച്ച് 1 മുതൽ സർവീസ് നിർത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റർമാരുടെ സംഘടന അറിയിച്ചു.
ഈ മാസം 28ന് മുമ്പ് സംസ്ഥാനത്തെ എല്ലാ ബസുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് ഗതാഗതമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നിർദ്ദേശിച്ചിരുന്നു. ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ചെലവിന്‍റെ പകുതി റോഡ് സേഫ്റ്റി അതോറിറ്റി വഹിക്കുമെന്നും പറഞ്ഞിരുന്നു. കെ.എസ്.ആർ.ടി.സി ബസുകളിലും ക്യാമറകൾ സ്ഥാപിക്കും. സ്വകാര്യ ബസുകളുടെ മത്സര ഓട്ടം മൂലമുണ്ടാകുന്ന അപകട സാഹചര്യം ചർച്ച ചെയ്യാൻ കൊച്ചിയിൽ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.