ചൈനയുടെ ചാര ബലൂണ്‍ വെടിവെച്ചിട്ട സംഭവം: ഖേദ പ്രകടനം നടത്തില്ലെന്ന് ബൈഡൻ
വാഷിങ്ടണ്‍: ചൈനീസ് ചാര ബലൂൺ വെടിവെച്ചിട്ട സംഭവത്തിൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി ചർച്ച നടത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. സംഭവത്തിന് ശേഷം യുഎസിന്റെ ഭാഗത്ത് നിന്നുള്ള ആദ്യ പ്രതികരണമാണിത്. അമേരിക്ക ശീത യുദ്ധത്തിനില്ലെന്നും സംഭവത്തിൽ ഖേദ പ്രകടനം നടത്തില്ലെന്നും ബൈഡൻ വ്യക്തമാക്കി. അമേരിക്കയുടെയും രാജ്യത്തെ ജനങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും ബൈഡൻ പറഞ്ഞു.
ചാര ബലൂൺ വെടിവെച്ചിട്ടത് ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. യുഎസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ചൈന സന്ദർശനം റദ്ദാക്കി. ചൈന അമേരിക്കയ്ക്കെതിരെ ആരോപണങ്ങളുന്നയിക്കുകയും ചെയ്തിരുന്നു. അമേരിക്കൻ ബലൂണുകൾ ചൈനീസ് അതിർത്തി ലംഘിച്ചിരുന്നു എന്നതായിരുന്നു ആരോപണം. എന്നാൽ ഈ ആരോപണം അമേരിക്ക നിഷേധിച്ചു.
ചൈനീസ് ചാര ബലൂൺ യുഎസ് സൈന്യം മിസൈൽ ആക്രമണത്തിലൂടെയാണ് വെടിവെച്ചിട്ടത്. യുഎസിന്റെ പരമാധികാരത്തിലേക്കുള്ള ചൈനയുടെ കടന്നുകയറ്റമാണ് ചാരബലൂണിന്റെ വിന്യാസമെന്നും യുഎസ് ഉചിതമായി അതിനെതിരെ പ്രതികരിച്ചുവെന്നും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. ചാര ബലൂണിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ വാഗ്ദാനം ചെയ്ത പ്രസിഡന്‍റ് ജോ ബൈഡൻ ബലൂൺ നശിപ്പിച്ച ഫൈറ്റർ പൈലറ്റുമാരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.