മെയ് നാലു മുതൽ ഒമ്പതുവരെ പുറത്തിറങ്ങേണ്ട; ലോക്ഡൗണിനു സമാനമായ നിയന്ത്രണം
മെയ് നാലു മുതൽ ഒമ്പതുവരെ സംസ്ഥാനത്ത് ലോക്ഡൗണിനു സമാനമായ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാരാന്ത്യ നിയന്ത്രണം നടപ്പാക്കുന്നപോലെയാകും ഇവയും. അത്യാവശ്യ സർവീസുകൾമാത്രമേ അനുവദിക്കൂ. നിയന്ത്രണത്തിന്റെ കൃത്യമായ മാനദണ്ഡം ഇറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്ത നിവാരണ നിയമം ആവശ്യമുള്ളിടങ്ങളിൽ ഉപയോഗിക്കും. രോഗം അതിവേഗം വ്യാപിക്കുന്നതിനാൽ അനാവശ്യമായി പുറത്ത് പോകില്ലെന്ന് നമ്മൾ തീരുമാനിച്ചേ തീരൂ. സിനിമ, ടിവി സീരിയൽ, ഡോക്യുമെന്ററി എന്നിവയുടെ ഔട്ട് ഡോർ, ഇൻഡോർ ചിത്രീകരണങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കണം. പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ രണ്ട് മീറ്റർ അകലം പാലിക്കണം. കച്ചവടക്കാർ രണ്ട് മാസ്ക് ധരിക്കണം. കൈയുറയും ഉപയോഗിക്കണം. സാധനങ്ങളുടെ പട്ടിക ഫോണിലോ വാട്സാപ്പിലോ നൽകിയാൽ കച്ചവടക്കാർ സാധനങ്ങൾ വീട്ടിലെത്തിക്കാൻ ശ്രമിക്കണം. മാർക്കറ്റിലെ തിരക്ക് ഇങ്ങനെ കുറയ്ക്കാനാകും.
ഇതിനായി മാർക്കറ്റ് കമ്മിറ്റികളുടെ സേവനം തേടാൻ പൊലീസിന് നിർദേശം നൽകി. സാമൂഹ്യ അകലം പാലിച്ച് നടത്താൻ കഴിയാത്ത പ്രവർത്തനങ്ങൾ പരമാവധി ഒഴിവാക്കണം.
ബാങ്ക് പകൽ 2നുശേഷം വേണ്ട
ബാങ്കുകളുടെ പ്രവൃത്തിസമയം പകൽ രണ്ടുവരെയായി നിജപ്പെടുത്തി. ചില ബാങ്കുകളുടെ ശാഖകൾ ഈ സമയത്തിനുശേഷവും പ്രവർത്തിക്കുന്നു. രണ്ടിനുശേഷം ജീവനക്കാരെ പുറത്തേക്ക് ക്യാൻവാസിങ്ങിന് അയക്കുന്നുമുണ്ട്. ഇത് ശരിയല്ല. ബാങ്കുകൾ രണ്ടിനുതന്നെ പ്രവർത്തനം അവസാനിപ്പിക്കണം. കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വാർഡുതല സമിതികളുടെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യാപനം ഗുരുതരം; 38,000 കവിഞ്ഞു
സംസ്ഥാനത്തെ കോവിഡ് രണ്ടാംഘട്ട വ്യാപനം ഗുരുതരം. വ്യാഴാഴ്ച 38,607 രോഗികൾ. ഒരു ദിവസത്തെ ഉയർന്ന കണക്കാണിത്. എറണാകുളത്ത് രണ്ടാം ദിനവും രോഗികൾ 5000 (5369) കടന്നു.
13 ജില്ലയിൽ രോഗികൾ ആയിരത്തിന് മുകളിലാണ്. കോഴിക്കോട് – 4990, തൃശൂർ –3954, തിരുവനന്തപുരം – 3940, മലപ്പുറം –3857,
കോട്ടയം –3616, പാലക്കാട് –2411,
കൊല്ലം –2058,
ആലപ്പുഴ –2043,
കണ്ണൂർ –1999, പത്തനംതിട്ട –1245, ഇടുക്കി –1153, കാസർകോട് –1063, വയനാട് –909.
24 മണിക്കൂറിനിടെ 1,57,548 സാമ്പിൾ പരിശോധിച്ചു. രോഗസ്ഥിരീകരണ നിരക്ക് 24.5 ശതമാനം. 21,116 രോഗമുക്തരായി. 2,84,086 പേർ ചികിത്സയിലുണ്ട്. 48 മരണം റിപ്പോർട്ട് ചെയ്തു. ആകെ മരണം 5259.