അൽ ഖ്വയ്ദയ്ക്ക് പുതിയ തലവൻ; സെയ്ഫ് അൽ അദെലിനെ നിയമിച്ചുവെന്ന് റിപ്പോർട്ടുകൾ
ടെഹ്റാൻ: മുൻ ഈജിപ്ഷ്യൻ സ്പെഷ്യൽ ഫോഴ്സ് ഉദ്യോഗസ്ഥനായ സെയ്ഫ് അൽ അദെലിനെ ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദയുടെ തലവനായി നിയമിച്ചുവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം യുഎസ് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അയ്മെൻ അൽ സവാഹിരിക്ക് പകരക്കാരനായാണ് സെയ്ഫ് അൽ അദെൽ ചുമതലയേൽക്കുന്നതെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു. മുൻ ഈജിപ്ഷ്യൻ സൈനിക ഉദ്യോഗസ്ഥനായ അദെൽ ഇറാൻ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
1998 ൽ ടാൻസാനിയയിലും കെനിയയിലും നടന്ന ബോംബ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഏജൻസികളുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉള്‍പ്പെട്ട കൊടും തീവ്രവാദിയാണ് അല്‍ അദെല്‍. അന്ന് 224 പേർ കൊല്ലപ്പെട്ടിരുന്നു. അയ്യായിരത്തോളം പേർക്ക് പരിക്കേറ്റു. 10 മില്യൺ ഡോളറാണ് അൽ അദേലിന്‍റെ തലയ്ക്ക് അമേരിക്ക വില പറഞ്ഞിരിക്കുന്നത്. എന്നാൽ അയ്മെൻ അൽ സവാഹിരിയുടെ പിൻഗാമിയെ അൽ ഖ്വയ്ദ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
എന്നിരുന്നാലും, യുഎൻ റിപ്പോർട്ടിനൊപ്പം, അൽ-ഖ്വയ്ദയുടെ തലവനായി അൽ അദെലിനെ നിയമിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റും സ്ഥിരീകരിച്ചിട്ടുണ്ട്. 2003 ഏപ്രിലിൽ ഇറാൻ അദെലിനെയും മറ്റ് ചില അൽ-ഖ്വയ്ദ നേതാക്കളെയും വീട്ടുതടങ്കലിലാക്കിയിരുന്നു. എന്നാൽ യെമനിൽ നിന്ന് ഇറാനിയൻ നയതന്ത്രജ്ഞനെ തട്ടിക്കൊണ്ട് പോവുകയും വിട്ടുകിട്ടണമെങ്കില്‍ അദെലിനെ അടക്കം മോചിപ്പിക്കണെന്ന് അല്‍ ഖ്വയ്ദ ആവശ്യപ്പെട്ടു. ഇതോടെ അല്‍ അദെല്‍ മോചിപ്പിക്കപ്പെടുകയായിരുന്നു.