ഇന്റർനെറ്റ് ഇല്ലാതെയും ഇനി പണം അയക്കാം; ‘യുപിഐ ലൈറ്റു’മായി പേടിഎം
ന്യൂഡല്‍ഹി: ഇന്ത്യയിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന പേയ്മെന്‍റ് രീതിയാണ് യുപിഐ. രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ദൈനംദിന ഇടപാടുകൾക്കായി ഡിജിറ്റൽ പേയ്മെന്‍റ് രീതിയെ ആശ്രയിക്കുന്നത്. സാധാരണയായി ഇന്‍റർനെറ്റ് ഇല്ലാതെ യുപിഐ ഇടപാടുകൾ നടത്താൻ കഴിയില്ല. അതിനാൽ, മോശം കണക്റ്റിവിറ്റിയാണെങ്കിൽ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുപിഐ ലൈറ്റ് ഫീച്ചർ അവതരിപ്പിച്ചത്. യുപിഐ ആപ്ലിക്കേഷനിൽ നിന്ന് 200 രൂപ വരെയുള്ള ഇടപാടുകൾ റിസർവ് ബാങ്ക് അനുവദിച്ചിരുന്നുവെങ്കിലും പ്രധാന യുപിഐ ആപ്ലിക്കേഷനിൽ ഇത് ലഭ്യമായിരുന്നില്ല. എന്നാൽ ഇപ്പോൾ ഈ സവിശേഷതകൾ പേടിഎം പേയ്മെന്‍റ്സ് ബാങ്ക് ഉപയോക്താക്കൾക്ക് ലഭ്യമാണ്.
പേടിഎം ആപ്ലിക്കേഷൻ വഴി തന്നെ ഇപ്പോൾ യുപിഐ ലൈറ്റ് സവിശേഷത ഉപയോഗിക്കാം. പേടിഎം അപ്ലിക്കേഷൻ ഒരു ഉപയോക്താവിനെ 200 രൂപ വരെയുള്ള തൽക്ഷണ ഇടപാടുകൾ നടത്താൻ അനുവദിക്കുന്നു. യുപിഐ ലൈറ്റിലേക്ക് ഒരു ദിവസം രണ്ട് തവണയായി പരമാവധി 2,000 രൂപ വരെ ചേർക്കാം. അതേസമയം, യുപിഐ ലൈറ്റ് വഴി നടത്തുന്ന പേയ്മെന്‍റുകൾ പേടിഎമ്മിന്‍റെ ബാലൻസ് ആൻഡ് ഹിസ്റ്ററി വിഭാഗത്തിൽ മാത്രമേ ദൃശ്യമാകൂ. ബാങ്കിന്‍റെ പാസ്ബുക്കിൽ ഇവ കാണാൻ കഴിയില്ല.
അതേസമയം, ഇന്‍റർനെറ്റ് ഉള്ളപ്പോൾ യുപിഐ ലൈറ്റിലേക്ക് പണം ചേർത്താൽ മാത്രമേ ഇടപാടുകൾ നടത്താൻ കഴിയൂ. നിലവിൽ യുപിഐ ലൈറ്റ് ബാലൻസിൽ നിന്ന് പണം അയയ്ക്കാൻ മാത്രമേ കഴിയൂ. അതായത്, ഡെബിറ്റ് ചെയ്യാൻ മാത്രമേ കഴിയൂ. കൂടാതെ, റീഫണ്ട് മുതലായവ ഉപയോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിൽ ഓൺലൈനായി പ്രോസസ്സ് ചെയ്യും.