ആദിവാസി യുവാവിന്റെ മരണം; മുഖ്യമന്ത്രിക്ക് രാഹുലിന്റെ കത്ത്
വയനാട്: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം ആദിവാസി യുവാവ് വിശ്വനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്. സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു. അതേസമയം വിശ്വനാഥന്‍റെ മരണത്തിൽ റീ പോസ്റ്റ്മോർട്ടം നടത്തിയേക്കും. വയനാട്ടിലേക്ക് തിരിച്ച അന്വേഷണ സംഘം അമ്മയുടെയും സഹോദരന്‍റെയും മൊഴി രേഖപ്പെടുത്തും. വിശ്വനാഥനെ ആശുപത്രി വളപ്പിൽ വെച്ച് ചോദ്യം ചെയ്തവരെ കണ്ടെത്താൻ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന ആരംഭിച്ചു.
ആൾക്കൂട്ട വിചാരണ നടത്തി വിശ്വനാഥനെ കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ദുരൂഹത നീക്കാൻ വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള സാധ്യതകളാണ് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നത്. മെഡിക്കൽ കോളേജ് എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൽപ്പറ്റയിലെത്തി വിശ്വനാഥന്‍റെ ബന്ധുക്കളുടെ മൊഴിയെടുക്കും. ശേഷം കോടതിയുടെ അനുമതിയോടെ റീ പോസ്റ്റ്മോർട്ടം നടത്താനാണ് തീരുമാനം.
മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് പുറത്ത് കൂട്ടിരിപ്പുകാരനായി നിൽക്കുകയായിരുന്ന വിശ്വനാഥനെ ചിലർ ചോദ്യം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇവരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടവർ വിശ്വനാഥനെ ഏതെങ്കിലും വിധത്തിൽ ഉപദ്രവിച്ചിട്ടുണ്ടോ എന്നാണ് ഇനി അറിയേണ്ടത്. അന്വേഷണത്തിൽ ഉടൻ വഴിത്തിരിവുണ്ടാകുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.