ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ് ഇന്ന്
60 അംഗ ത്രിപുര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇന്നലെ നടന്ന നിശബ്ദ പ്രചാരണത്തില്‍ ബി.ജെ.പി, സി.പി.എം നേതൃത്വത്തിലുള്ള മുന്നണികള്‍ സജീവമായിരുന്നു.അതിനിടെ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ രാഷ്ട്രീയം വിടുകയാണെന്ന തിപ്രമോത ചെയര്‍മാന്‍ പ്രദ്യോത് ദേബ ബര്‍മന്റെ പ്രഖ്യാപനം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന തന്ത്രങ്ങളിലാണ് മുന്നണികള്‍. പ്രദ്യോതിന് സി.പി.എമ്മുമായി രഹസ്യധാരണയുണ്ടെന്ന് ബി.ജെ.പി ആരോപിച്ചു.
ഇന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് നാലിന് അവസാനിക്കും. 22 വനിതകളുള്‍പ്പെടെ 259 സ്ഥാനാര്‍ത്ഥികളുടെ വിധി ഇന്ന് നിര്‍ണയിക്കും 28.13 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഭരണകക്ഷിയായ ബി.ജെ.പിയാണ് ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നത്. ബി.ജെ.പിയുടെ 55 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. സമാധാനപരമായ തിരഞ്ഞെടുപ്പ് നടത്താന്‍ എല്ലാ ഒരുക്കവും നടത്തിയതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഗിത്തെ കിരണ്‍കുമാര്‍ ദിനകരറാവു പറഞ്ഞു. സഖ്യകക്ഷിയായ ഐ.പി.എഫ്.ടി അഞ്ച് സീറ്റില്‍ മത്സരിക്കുന്നു. സി.പി.എം 43 സീറ്റിലും കോണ്‍ഗ്രസ് 13 എണ്ണത്തിലും മത്സരിക്കുമ്ബോള്‍ ഒരു സ്വതന്ത്രനുള്‍പ്പടെ 4 സീറ്റുകളില്‍ ഇടത് സംഘടനകളാണ് പോരിനിറങ്ങുന്നത്. തിപ്രമോത പാര്‍ട്ടി 42 മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് 28 എണ്ണത്തിലും മത്സരിക്കും.