യാത്ര പോയത് ഔദ്യോഗികമായി അവധിയെടുത്തവർ; കൂട്ട അവധിയിൽ കളക്ടറുടെ റിപ്പോർട്ട്
പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയ സംഭവത്തിൽ ലാൻഡ് റവന്യൂ കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ച് ജില്ലാ കളക്ടർ. പിക്നിക്കിന് പോയ ജീവനക്കാർ ഔദ്യോഗികമായി അവധിയെടുത്തവരാണെന്ന് കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഉദ്യോഗസ്ഥരുടെ അവധി ഓഫീസിലെത്തിയ പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കിയതായി കണ്ടെത്തി. റിപ്പോർട്ടിൽ നടപടിയെടുക്കേണ്ടത് ലാൻഡ് റവന്യൂ കമ്മീഷണറാണ്.
കോന്നിയിലെ കൂട്ട അവധി വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ റവന്യൂ ഓഫീസുകളിലെ ജീവനക്കാർക്ക് അവധി അനുവദിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ നീക്കമായിട്ടുണ്ട്. ഇന്ന് ചേരുന്ന റവന്യൂ സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന റവന്യൂ വകുപ്പായതിനാൽ എത്ര ശതമാനം ജീവനക്കാർക്ക് ഒരു ദിവസത്തെ അവധി നൽകാമെന്ന കാര്യത്തിൽ പൊതു മാനദണ്ഡം സൃഷ്ടിക്കാനാണ് നീക്കം.
കോന്നി താലൂക്ക് ഓഫീസിലെ റവന്യു വകുപ്പിലെ ജീവനക്കാരാണ് കഴിഞ്ഞ ദിവസം കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയത്. ആകെയുള്ള 63 ജീവനക്കാരിൽ 21 പേർ മാത്രമാണ് ഓഫീസിൽ ഹാജരായത്. 20 പേർ അവധിക്ക് പോലും അപേക്ഷിച്ചിട്ടില്ലെന്നും വ്യക്തമായി. സംഭവമറിഞ്ഞെത്തിയ കോന്നി എം.എൽ.എ കെ.യു ജനീഷ് കുമാർ തഹസിൽദാരെ വിളിച്ച് പ്രകോപിതനായതോടെയാണ് വിഷയം കൂടുതൽ ചർച്ചയായത്.