ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങൾ പ്രധാന തെളിവാക്കി ഇ ഡി
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങൾ കോടതിയിൽ തെളിവായി നൽകി ഇഡി. സ്വപ്നയ്ക്ക് ജോലി നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി ശിവശങ്കർ പറയുന്ന വാട്സാപ്പ് സന്ദേശം ഇ.ഡി കസ്റ്റഡി അപേക്ഷയിൽ ഉൾപ്പെടുത്തി. സ്വപ്നയുടെ ജോലി ലോ പ്രൊഫൈലായിരിക്കും എന്നാൽ ശമ്പളം ഇരട്ടിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞെന്ന ശിവശങ്കറിന്‍റെ സന്ദേശവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലും കസ്റ്റഡി അപേക്ഷയിലുമാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കിയത്. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളാണ് പ്രധാന തെളിവെന്ന് ഇ.ഡി പറയുന്നു. ഇതാണ് കോടതിയിൽ ഹാജരാക്കിയത്.
വിവിധ ഘട്ടങ്ങളിലായി ഇടപാടുകളെ കുറിച്ച് ശിവശങ്കർ സ്വപ്നയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ എല്ലാം സ്വപ്നയുടെ പേരിലായിരിക്കുമെന്നും വാട്സാപ്പ് ചാറ്റിൽ ശിവശങ്കർ സൂചിപ്പിച്ചിട്ടുണ്ട്. കേസിൽ ശിവശങ്കർ ഒമ്പതാം പ്രതിയാണെന്നും ഇ.ഡി വ്യക്തമാക്കി.