വിശ്വനാഥന്റെ മരണം; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിർണായക വിവരങ്ങൾ
കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതോടെയാണ് പൊലീസ് എഫ്.ഐ.ആറിൽ മാറ്റം വരുത്തിയത്.
വെറുമൊരു ആത്മഹത്യ മാത്രമായി കണക്കാക്കരുതെന്നും അന്വേഷണത്തിലെ വീഴ്ച തിരുത്തണമെന്നും പട്ടികജാതി-പട്ടികവർഗ കമ്മീഷൻ പൊലീസിന് നിർദേശം നൽകിയിരുന്നു. തുടർന്ന് കോഴിക്കോട് ഡിസിപി തന്നെ അന്വേഷണം ഏറ്റെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തി സി.സി.ടി.വി ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചു. മരിക്കുന്നതിന് മുമ്പ് വിശ്വനാഥൻ ആശുപത്രി പരിസരത്ത് രണ്ട് പേരുമായി സംസാരിച്ചതിന്‍റെയും 12 ഓളം പേർ അദ്ദേഹത്തിന് ചുറ്റും കൂടിയതിന്‍റെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
മരിച്ച ആദിവാസി യുവാവ് വിശ്വനാഥന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് വയനാട്ടിലെ വീട് സന്ദർശിച്ച പട്ടികജാതി-പട്ടികവർഗ കമ്മീഷൻ അറിയിച്ചു. കുടുംബത്തിന് നഷ്ടപരിഹാരവും ജോലിയും ശുപാർശ ചെയ്യുമെന്നും ബി എസ് മാവോജി പറഞ്ഞു. കമ്മീഷന്‍റെ കടുത്ത വിമർശനത്തെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.