പ്രധാന വാര്‍ത്തകള്‍
100 രൂപ കൂലി കൂട്ടി ചോദിച്ചു; വയനാട്ടിൽ ആദിവാസി യുവാവിന് മർദ്ദനം
വയനാട്: വേതനം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന്‍റെ പേരിൽ ക്രൂരമായി മർദ്ദിച്ചതായി ആദിവാസി യുവാവ് ബാബു. മുൻ വശത്തെ മൂന്നു പല്ലുകൾ ഇളകി. താടിയെല്ലിന് പരിക്കേറ്റു. ഭക്ഷണം കഴിക്കാൻ കഴിയുന്നില്ലെന്നും ബാബു പറഞ്ഞു. ഭൂമിയുടെ ഉടമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മഞ്ഞപ്പാറ കരുവളം വീട്ടിൽ അരുണിനെതിരെയാണ് അമ്പലവയൽ പൊലീസ് കേസെടുത്തത്.
പട്ടികവർഗ അതിക്രമ നിരോധനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അമ്പലവയൽ നീർച്ചാൽ കോളനിയിലെ ബാബുവിന് കഴിഞ്ഞ ശനിയാഴ്ചയാണ് മർദ്ദനമേറ്റത്. കുരുമുളക് പറിക്കുന്നതിന് 100 രൂപ കൂടുതൽ ആവശ്യപ്പെട്ടതിന് ഭൂമിയുടെ ഉടമ മർദ്ദിച്ചതായി പരാതിയിൽ പറയുന്നു. കേസിൽ നിന്ന് പിൻമാറാൻ പണം നൽകി പ്രതികൾ സ്വാധീനിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. ബാബുവിനെ മർദ്ദിച്ചിട്ടില്ലെന്ന് അരുണിന്‍റെ പിതാവ് പറഞ്ഞു.