മണ്ണിടിച്ചില്‍- പീരുമേട് താലൂക്കില്‍ 16 ന് മോക്ഡ്രില്ല് സംഘടിപ്പിക്കും
ദേശീയ ദുരന്ത പ്രതികരണ സേനയുടെ നേതൃത്വത്തില്‍ മണ്ണിടിച്ചിലുണ്ടായാലുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി പീരുമേട് താലൂക്കിലെ മഞ്ചുമല വില്ലേജിലെ രാജമുടിയില്‍ വ്യാഴം രാവിലെ 11 മണിക്ക് മോക്ഡ്രില്‍ നടത്താന്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
ഒരു ദുരന്തത്തിന്റെയോ അടിയന്തിര സാഹചര്യത്തിന്റെയോ മാതൃക സൃഷ്ടിച്ച് ആ ദുരന്തത്തെ നേരിടുന്നതിനുള്ള തയ്യാറെടുപ്പ് അവലോകനം ചെയ്യുന്ന പരിശീലന പ്രക്രിയയാണ് മോക്ക് ഡ്രില്‍. ഈ തരത്തിലുള്ള ഡ്രില്ലുകള്‍ ഏതൊരു ദുരന്തത്തെയും നേരിടുന്നതിനുള്ള ആര്‍ജവം കൂട്ടുകയും, ദുരന്തത്തിന്റെ ആഘാതം കുറക്കുന്നതിനും ഉപകരിക്കുന്നു. ജില്ലയില്‍ വിവിധ വിഷയങ്ങളില്‍ മോക്ക് ഡ്രില്ലുകള്‍ ഇതിനു മുന്‍പ് സംഘടിപ്പിച്ചിട്ടുണ്ട്.
മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള അപ്രതീക്ഷിതമായ ഏത് അടിയന്തര സംഭവങ്ങളോടും പ്രതികരിക്കാന്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുക, പരിശീലിപ്പിക്കുക. ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തന നൈപുണ്യങ്ങളും പഠിപ്പിക്കുക, അതിലൂടെ അവര്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷിക്കാനും ദുരന്തം ലഘൂകരിക്കാനും കഴിയും.
കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ഷൈജു പി. ജേക്കബ്, സബ് കളക്ടര്‍ അരുണ്‍ എസ്. നായര്‍, ദേശീയദുരന്തപ്രതികരണ സേന, ഫയര്‍ & റെസ്‌ക്യു, റവന്യു, പോലീസ്, ആരോഗ്യം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, തദ്ദേശഭരണം , മോട്ടോര്‍ വാഹനം, തുടങ്ങി വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും പ്രതിനിധികളും പങ്കെടുത്തു.