നാട്ടിൻപുറങ്ങളിൽ ഇനി ‘ചക്കോത്സവം’
കോട്ടയം: നാട്ടിന്‍പുറത്തെ തീന്മേശകളിലെല്ലാം ഇപ്പോള്‍ ചക്കയാണ് പ്രധാനവിഭവം. ചക്ക വാങ്ങാന്‍ തമിഴ്നാട്ടില്‍ നിന്നുള്ള സംഘവും സജീവമാണ്.പ്ലാവുകളുള്ള വീടുകളില്‍ പെട്ടി ഓട്ടോയുമായെത്തി ഇടിച്ചക്കപ്പരുവം മുതലുള്ളവയാണ് ശേഖരിക്കുന്നത്.
അധികം വലിപ്പമില്ലാത്ത ചക്കയാണ് വ്യാപാരികള്‍ വാങ്ങുന്നത്. വലിപ്പവും നീളവും ആറ് കിലോ വരെ തൂക്കവും ഉള്ളതനുസരിച്ച് 50 രൂപ വരെയാണ് വില. എന്നാല്‍ വാങ്ങാന്‍ ചെന്നാല്‍ വില രണ്ടു മൂന്നും ഇരട്ടിയാവും. അനുകൂല കാലാവസ്ഥയാണ് ചക്കയ്ക്ക് ഇത്തവണ തുണയായത്. മലയോരത്തെ പ്ളാവുകളിലെല്ലാം നിറയെ കായ്ഫലമാണ്.
ചക്ക വേവിക്കാം, ഉപ്പേരിയാക്കാം. കുരു തോരനും മെഴുക്കുപുരട്ടിയും കൂട്ടാനുമാക്കാം. ചക്കക്കൂഞ്ഞും തോരന്‍ വയ്ക്കാം. മടലും ചകിണിയും കന്നുകാലിക്ക് തീറ്റയാക്കാം. ചുരുക്കത്തില്വെറുതേ കളയാന്‍ ചക്കയിലൊന്നുമില്ല.
ആരോഗ്യത്തിനും ചക്ക
ജീവകങ്ങളും മൂലകങ്ങളും നാരുകളും നിറഞ്ഞത്
പ്രമേഹരോഗികള്‍ക്കും ഉത്തമം
ചുളയില്‍ രണ്ടു ശതമാനം പ്രോട്ടീനും ഒരു ശതമാനം കൊഴുപ്പും
74 ശതമാനം വെള്ളവും 23 ശതമാനം അന്നജവും
വരുംകാല വിള
മണ്ണില്‍ ആഴ്ന്നിറങ്ങി പടരുന്ന വേരുപടലങ്ങളുള്ള പ്ലാവിന് കനത്ത വരള്‍ച്ചയിലും പിടിച്ചുനില്‍ക്കാനും ഫലം നല്കാനുമാകും. ഇവയുടെ ഇലകളിലുള്ള കട്ടിയേറിയ ആവരണം ബാഷ്പീകരണം കുറയ്ക്കും. റബര്‍ നിരാശ സമ്മാനിക്കുമ്ബോള്‍ വരുംകാലത്തേക്കുള്ള വിളയായിരിക്കും പ്ലാവ്.