പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ പോസ്റ്റൽ വോട്ടുകളുടെ പരിശോധന ഇന്ന്
മലപ്പുറം: പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതി കസ്റ്റഡിയിലുള്ള പോസ്റ്റൽ വോട്ടുകളുടെ പരിശോധന ഇന്ന്. ഉച്ചയ്ക്ക് 1.30ന് ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്യത്തിൽ ഇരുപാർട്ടികളും ബാലറ്റുകൾ പരിശോധിക്കും. വോട്ടിൽ തിരിമറി നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താൻ പരിശോധന നടത്താൻ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ബാലറ്റുകൾ നേരിട്ട് പരിശോധിക്കണമെന്ന ഇടത് സ്ഥാനാർത്ഥി കെ.പി. എം. മുസ്തഫയുടെ അഭ്യർത്ഥന പ്രകാരമാണ് നടപടി.
തർക്കവിഷയമായ വോട്ടു പെട്ടികൾ സൂക്ഷിക്കുന്നതിൽ പെരിന്തൽമണ്ണ ട്രഷറി ഓഫീസർക്കും അത് മലപ്പുറത്ത് എത്തിക്കുന്നതിൽ സഹകരണ ജോയിന്‍റ് രജിസ്ട്രാർക്കും ഗുരുതര വീഴ്ചയുണ്ടായതായി റിട്ടേണിംഗ് ഓഫീസർ കൂടിയായ പെരിന്തൽമണ്ണ സബ് കളക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
പെരിന്തൽമണ്ണയിൽ നിന്ന് മലപ്പുറത്തേക്ക് കൊണ്ടുവന്ന സ്പെഷ്യൽ പോസ്റ്റൽ വോട്ടുകൾ നശിച്ചു പോയേക്കാമെന്നു വരെയാണ് വിലയിരുത്തൽ. പോസ്റ്റൽ വോട്ടുകൾ ആദ്യം സൂക്ഷിച്ചിരുന്ന പെരിന്തൽമണ്ണ ട്രഷറിയിലാണ് പെരിന്തൽമണ്ണ ബ്ലോക്ക് തദ്ദേശ തിരഞ്ഞെടുപ്പ് സാമഗ്രികൾ സൂക്ഷിച്ചിരുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശപ്രകാരം പെരിന്തൽമണ്ണ ട്രഷറിയിൽ നിന്ന് മലപ്പുറം ജോയിന്‍റ് രജിസ്ട്രാർ ഓഫീസിലേക്ക് തദ്ദേശ തിരഞ്ഞെടുപ്പ് സാമഗ്രികൾ മാറ്റിയത്.