ഹോട്ടൽ ജീവനക്കാർ ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം വീണ്ടും നീട്ടി
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി ഹെൽത്ത് കാർഡ് എടുക്കുന്നതിന് ഫെബ്രുവരി 28 വരെ സമയം നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് രണ്ടാം തവണയാണ് ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം നീട്ടിനൽകുന്നത്. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനം ജീവനക്കാരും ഹെൽത്ത് കാർഡ് എടുത്തിട്ടുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ കണക്ക്. ശേഷിക്കുന്ന 40 ശതമാനം പേർക്ക് കൂടി ഹെൽത്ത് കാർഡ് ലഭിക്കാനുള്ള സമയം കണക്കിലെടുത്താണ് ഈ മാസം അവസാനം വരെ അനുവദിക്കുന്നത്.
സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുകയും വിതരണം ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിരുന്നു. രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിർദ്ദിഷ്ട ഫോർമാറ്റിലുള്ള സർട്ടിഫിക്കറ്റ് ആവശ്യമാണ്.
ഡോക്ടറുടെ നിർദ്ദേശപ്രകാരം ശാരീരിക പരിശോധന, ദൃശ്യ പരിശോധന, ചർമ്മരോഗങ്ങൾ, വൃണം, മുറിവുകൾ എന്നിവ ഉണ്ടോയെന്ന് പരിശോധിക്കണം. വാക്സിൻ എടുത്തിട്ടുണ്ടോ എന്നും പരിശോധിക്കും. പകർച്ചവ്യാധികൾ ഉണ്ടോ എന്നറിയാൻ രക്തപരിശോധന ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തണം. സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഈ ഹെൽത്ത് കാർഡിന്‍റെ സാധുത ഒരു വർഷമാണ്.