സാക്ഷരതാ മിഷന് 4 കോടി അനുവദിച്ച് സർക്കാർ; മുഴുവൻ തുകയും നൽകിയെന്ന് ധനവകുപ്പ്
തിരുവനന്തപുരം: മാസങ്ങളായി ശമ്പള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് പ്രേരക്മാർ നടത്തുന്ന അനിശ്ചിതകാല സമരം തുടരുന്നതിനിടെ സാക്ഷരതാ മിഷന് സർക്കാർ 4 കോടി രൂപ അനുവദിച്ചു. ഇതോടെ മിഷന് നൽകാനുള്ള മുഴുവൻ തുകയും നൽകിയെന്നാണ് ധനവകുപ്പ് പറയുന്നത്. അതേസമയം, മതിയായ ഫണ്ട് കണ്ടെത്താതെ പ്രേരകുമാരുടെ ശമ്പളം അഞ്ചിരട്ടി കൂട്ടിയ സാക്ഷരതാ മിഷന്റെ നടപടിയാണ് കടുത്ത സാമ്പത്തിക ബാദ്ധ്യതയ്ക്ക് കാരണമായതെന്ന് വിവിധ സർക്കാർ വകുപ്പുകൾ വിലയിരുത്തി.
ആറുമാസമായി ശമ്പളമില്ല, അതത് മാസത്തെ പ്രകടനം വിലയിരുത്തി ശമ്പളം കണക്കാക്കുന്ന രീതിയും, മുടങ്ങിയും കിട്ടിയും മുന്നോട്ട് പോകുന്ന ശമ്പള ഘടനയും. പഴി അവസാനം ചെന്ന് നിൽക്കുന്നത് സാക്ഷരതാ മിഷന്റെ ദീര്ഘവീക്ഷണമില്ലാത്ത ഇടപെടുകളിലാണ്. 2017ൽ അന്നത്തെ ഡയറക്ടറായിരുന്ന പി.എസ്.ശ്രീകലയാണ് പ്രേരക്മാരുടെ ശമ്പളം അഞ്ച് തവണ വർദ്ധിപ്പിച്ചത്. ഓണറേറിയം നൽകാൻ സാക്ഷരതാ മിഷന് പരമാവധി ചെലവഴിക്കാൻ കഴിയുന്നത് എട്ട് കോടിയായിരുന്നെങ്കിൽ ശമ്പള വർദ്ധനവോടെ ഇത് 18 കോടി രൂപയായി കുത്തനെ ഉയർന്നു. ഫണ്ട് കണ്ടെത്താൻ മറ്റൊരു മാർഗവുമില്ല. കേന്ദ്ര- സംസ്ഥാന പദ്ധതികളിൽ നിന്ന് സമാഹരിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. ഫീസിൽ നിന്ന് പിരിച്ച തുകയും വിവിധ പദ്ധതികൾക്കായി ലഭിച്ച ഗ്രാന്റും ഉൾപ്പെടെ മിഷന്റെ പരമാവധി വരുമാനം ഏഴ് കോടി രൂപയാണ്.
ഓണറേറിയം മുതൽ പുസ്തക പ്രകാശനം, പരീക്ഷാ നടത്തിപ്പ് വരെ എല്ലാം അതുകൊണ്ട് നടക്കണമെന്ന അവസ്ഥയിലാണ് ശമ്പള വർദ്ധനവിന്റെ പേരിലുള്ള അധികഭാരം വരുന്നത്. കൊവിഡ് കാലത്തെ തുടർന്ന് ഗ്രാന്റ് മുടങ്ങുകയും കരുതൽ ശേഖരത്തിലുണ്ടായിരുന്ന 27 കോടി രൂപ തീർന്നുപോകുകയും ചെയ്തതോടെ മിഷൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. തദ്ദേശ വകുപ്പിലേക്ക് പ്രേരക്മാരുടെ പുനർവിന്യാസം പോലും നടക്കാത്തതിന്റെ കാരണം ഈ അധിക ഭാരം ആരു ഏറ്റെടുക്കും എന്ന ചോദ്യമാണ്. പ്രതിസന്ധി രൂക്ഷമായതോടെ സാക്ഷരതാ മിഷന് ധനവകുപ്പ് അനുവദിച്ച 4 കോടി രൂപ മൂന്ന് മാസത്തെ ശമ്പളത്തിന് മാത്രമെ തികയു എന്ന അവസ്ഥയിലാണ്.