നടിയെ ആക്രമിച്ച കേസ്: വിചാരണ നീണ്ടുപോകുന്നത് ചോദ്യം ചെയ്ത് സുപ്രീംകോടതി
ദില്ലി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ വൈകുന്നത് ചോദ്യം ചെയ്ത് സുപ്രീം കോടതി. കേസിൽ പുതിയ സാക്ഷികളെ കൊണ്ടുവരുന്നതിന്‍റെ ഉദ്ദേശ്യം എന്താണെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പുതിയ 41 സാക്ഷികളെ കൂടി വിസ്തരിക്കാനുള്ള കാരണം വിശദീകരിക്കാനും കോടതി സംസ്ഥാന സർക്കാരിനു നിർദേശം നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.
അതേസമയം, 6 മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ ഉത്തരവിട്ട കേസിൽ വിചാരണ 24 മാസം വൈകുകയാണെന്ന് ദിലീപിന്‍റെ അഭിഭാഷകൻ വാദിച്ചു. വീണ്ടും വിസ്തരിച്ച 10 പേരെ വിളിച്ചുവരുത്തി വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നും അഭിഭാഷകൻ വ്യക്തമാക്കി. സാക്ഷി വിസ്താരത്തിനുള്ള എതിർപ്പ് നാളെ സമർപ്പിക്കുമെന്ന് ദിലീപിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വാദങ്ങൾ എഴുതി നൽകാനും കോടതി നിർദേശിച്ചു. കേസ് ഈ മാസം 17ന് വീണ്ടും പരിഗണിക്കും.