മണി തന്റെ പ്രിയപ്പെട്ട റേഡിയോ നെഞ്ചോട് ചേര്‍ത്തിട്ട് അരനൂറ്റാണ്ടായി
തൊടുപുഴ: മണി തന്റെ പ്രിയപ്പെട്ട റേഡിയോ നെഞ്ചോട് ചേര്‍ത്തിട്ട് അരനൂറ്റാണ്ടായി. രാവിലെ ഉറക്കമുണര്‍ന്നാല്‍ ഉറങ്ങുന്നതുവരെ മണിയുടെ വീട്ടിലും കടയിലുമെല്ലാം നിറയുന്നത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട റേഡിയോയില്‍നിന്നുള്ള ശബ്ദവീചികള്‍ മാത്രം.ഇടക്ക് ചികിത്സക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നപ്പോള്‍വരെ റേഡിയോ ഒപ്പം കൂട്ടിയ മണിയുടെ റേഡിയോ കമ്ബം നാട്ടില്‍ പാട്ടാണ്.
കമ്ബംമെട്ടില്‍ ബാര്‍ബര്‍ ഷോപ് നടത്തുന്ന 63കാരനായ മണിച്ചേട്ടനെന്ന് നാട്ടുകാര്‍ വിളിക്കുന്ന കെ.ബി. ചന്ദ്രശേഖരനാണ് ഈ റേഡിയോ കമ്ബക്കാരന്. പാട്ടുകേള്‍ക്കാന്‍ മാത്രമുള്ള വെറുമൊരു പെട്ടിയല്ല റേഡിയോ മറിച്ച് തന്റെ ദൈനംദിന കാര്യങ്ങളടക്കം നിയന്ത്രിക്കുന്ന, ജീവിതത്തിന്റെ മുഖ്യഭാഗമാണെന്നാണ് മണിച്ചേട്ടന് പറയുന്നത്. 13ാമത്തെ വയസ്സ് മുതല്‍ കേട്ടുതുടങ്ങിയതാണ്. മനസ്സില്‍ പതിഞ്ഞുപോയി. അച്ഛനാണ് വീട്ടില്‍ ആദ്യം റേഡിയോ വാങ്ങുന്നത്.
അന്ന് ലൈസന്‍സൊക്കെ വേണം. വര്‍ഷത്തില്‍ 15 രൂപ കരവുമടക്കണം. വീട്ടില്‍ അന്ന് റേഡിയോയിലെ പരിപാടികള്‍ കേള്‍ക്കാന്‍ അടുത്ത വീട്ടില്‍നിന്ന് വരെ ആളുകള്‍ എത്തിയിരുന്നു. കമ്ബംമെട്ടിലെ കട അച്ഛനാണ് തുടങ്ങിയത്. കടയുടെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ ആദ്യം ചെയ്തത് ട്രാന്‍സിസ്റ്റര്‍ റേഡിയോ വാങ്ങുകയായിരുന്നു. എട്ട് മണിയോടെ കടയിലെത്തിയാല്‍ രണ്ട് നിമിഷത്തെ പ്രാര്‍ഥന കഴിഞ്ഞാല്‍ ആദ്യം റേഡിയോ ഓണ്‍ ചെയ്യും. ആ ശബ്ദ അകമ്ബടിയില്ലാതെ ജോലിയെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും മണി പറയുന്നു.