ഒരുകാലത്ത് ഹൈറേഞ്ചിന്റെ മണ്പാതകളിലൂടെ കുതിച്ചുപാഞ്ഞ പടക്കുതിരകളായിരുന്ന ജീപ്പുകള്‍ക്ക് ഹൈറേഞ്ചില്‍ ഇന്നും താരപരിവേഷം
നെടുങ്കണ്ടം: ഒരുകാലത്ത് ഹൈറേഞ്ചിന്റെ മണ്പാതകളിലൂടെ കുതിച്ചുപാഞ്ഞ പടക്കുതിരകളായിരുന്ന ജീപ്പുകള്‍ക്ക് ഹൈറേഞ്ചില്‍ ഇന്നും താരപരിവേഷം.ഹൈറേഞ്ചിന്റെ പ്രധാന പട്ടണങ്ങളിലെല്ലാം പുതിയ റോഡുകളും നാഗരികതയും കടന്നുവന്നിട്ടും പാതകളില്‍ ജീപ്പുകളുടെ പ്രതാപം റിവേഴ്സ് ഗിയറിലായിട്ടില്ല.മലമടക്കുകളിലെ ദുര്‍ഘട പാതകള്‍ കീഴടക്കി ജീപ്പുകള്‍ കുതിച്ചുപായുന്നത് കാണാന്‍ തന്നെ പ്രത്യേക ചന്തമാണ്.
ഇടുക്കിയുടെ ഔദ്യോഗിക വാഹനം ഏത് എന്നതിന് ഒറ്റ ഉത്തരമേ ഉള്ളൂ. അത് ജീപ്പാണ്. ഗതാഗതവും ചരക്ക് നീക്കവും തുടങ്ങി അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സായും അവശ്യഘട്ടങ്ങളില്‍ അത്താണിയായും ജീപ്പ് ഹൈറേഞ്ചുകാര്‍ക്ക് ഒപ്പമുണ്ട്.
പാറകള്‍ക്ക് മുകളിലൂടെയും ഒരു കല്ലില്‍നിന്ന് മറ്റൊന്നിലേക്ക് ചാടിയും ചരിഞ്ഞും ഉലഞ്ഞും നീങ്ങുന്ന ജീപ്പില്‍ ഇടുക്കിയുടെ ഗ്രാമീണക്കാഴ്ചകള്‍ ആസ്വദിച്ച് ഒന്ന് കറങ്ങാന്‍ കൊതിക്കുന്ന സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ ഇന്നും ഏറെയാണ്.
ഏലച്ചെടികള്‍ അതിര്‍ത്തി പങ്കിടുന്ന കാര്‍ഷികസമൃദ്ധിയുടെ കാഴ്ചകളിലേക്ക് സഞ്ചാരികളെ കൂട്ടിക്കൊണ്ടുപോകാന്‍ ചെമ്മണ്ണാറില്‍ ഒമ്ബത് ഡ്രൈവര്‍മാരുടെ കൂട്ടായ്മയുണ്ട്. തോട്ടം മേഖലയിലെ ജീവിത നേര്‍ക്കാഴ്ചകളിലൂടെയാണ് ഇവര്‍ ഒരുക്കുന്ന യാത്ര. മൂന്നാറില്‍നിന്ന് തേക്കടിയിലേക്ക് പോകുന്ന സഞ്ചാരികള്‍ കൂടുതലായി ചെമ്മണ്ണാര്‍ പാതയിലൂടെ യാത്ര ചെയ്ത് തുടങ്ങിയതോടെയാണ് ഡ്രൈവര്‍മാര്‍ ജീപ്പ് സഫാരിക്ക് സൗകര്യം ഒരുക്കിയത്.
ഇരുവശത്തും ഏലച്ചെടികള്‍ തിങ്ങിനിറഞ്ഞ് നില്ക്കുന്ന മണ്‍പാത പിന്നിട്ട് ഏകദേശം നാല് കിലോമീറ്റലധികമാണ് സഫാരിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലമുകളിലെത്തി മനോഹരമായ ഉദയാസ്തമയ കാഴ്ചകള്‍ ആസ്വദിക്കാം. വറ്റാത്ത ആമ്ബല്ക്കുളവും ശിലായുഗ കാലഘട്ടത്തിലെ ശേഷിപ്പുകളും സഹ്യപര്‍വത നിരയുടെ വിശാലമായ കാഴ്ചകളുമൊക്കെ മലമുകളില്‍ സഞ്ചാരികളെ കാത്തിരിക്കുന്നു. ഗ്യാപ് റോഡും പൊന്മുടി തടാകവും ചതുരംഗപ്പാറ കാറ്റാടിപ്പാടവും ഹൈറേഞ്ചിലെ കാര്‍ഷിക ഗ്രാമങ്ങളുമെല്ലാം ഇവിടെ നിന്നാല്‍ കാണാം.
ഗ്രാമീണ മേഖലയുടെ ടൂറിസം വികസനം ലക്ഷ്യംവെച്ചാണ് ഡ്രൈവര്‍മാരുടെ കൂട്ടായ്മ ജീപ്പ് സഫാരി ഒരുക്കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തും തോട്ടം ഉടമകളും ഇവര്‍ക്കൊപ്പമുണ്ട്. നാല് കിലോമീറ്റര്‍ സഫാരിക്ക് 1500 രൂപയാണ് നിരക്ക്. കര്‍ഷകരുടെ സഹകരണത്തോടെ ഏലം കൃഷിയുടെ അറിവുകള്‍ സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കാനും ഇവര്‍ പദ്ധതി ഒരുക്കുന്നുണ്ട്.ജീപ്പിന്റെ പ്രതാപത്തിന് ഇവിടെ റിവേഴ്സ് ഗിയറില്ല