രാജ്യത്ത് 225 നഗരങ്ങളിലെ സേവനം അവസാനിപ്പിച്ച് സൊമാറ്റോ
ന്യൂ ഡൽഹി: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ രാജ്യത്തെ 225 ചെറിയ നഗരങ്ങളിൽ സേവനം അവസാനിപ്പിച്ചു. പ്രതീക്ഷിച്ച ബിസിനസ്സ് നടക്കാത്തതും കഴിഞ്ഞ സാമ്പത്തിക പാദത്തിൽ കനത്ത നഷ്ടമുണ്ടായതുമാണ് തീരുമാനത്തിന് കാരണം. ഏകദേശം 356 കോടി രൂപയുടെ നഷ്ടമുണ്ടായതായി സൊമാറ്റോ അറിയിച്ചു. 2023 സാമ്പത്തിക വർഷത്തേക്കുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് തീരുമാനം. ഈ ചെറുനഗരങ്ങളില്‍ നിന്ന് 0.3 ശതമാനം ഓർഡർ മാത്രമാണ് ലഭിക്കുന്നതെന്ന് സൊമാറ്റോ വിശദീകരിക്കുന്നു.
സൊമാറ്റോ നേരത്തെ 1,000 നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ചിരുന്നു. എന്നിരുന്നാലും, ഇവയില്‍ മിക്ക നഗരങ്ങളില്‍ നിന്നും സൊമാറ്റോയ്ക്ക് മികച്ച പ്രതികരണം ലഭിച്ചില്ല. ഒക്ടോബറിലും ഡിസംബറിലും പ്രതികരണം പ്രതീക്ഷിച്ചതിലും വളരെ കുറവായിരുന്നു. ജൂലൈ മുതൽ സെപ്റ്റംബർ വരെ സൊമാറ്റോയ്ക്ക് മികച്ച പ്രതികരണം ലഭിച്ച നഗരങ്ങളിൽ പോലും മൂന്നാം പാദത്തിലെ നഷ്ടം വളരെ വലുതായിരുന്നു. ആഗോളതലത്തിൽ ടെക് സ്ഥാപനങ്ങളിൽ വലിയ തോതിലുള്ള പിരിച്ചുവിടലുകൾ നടക്കുന്ന സമയത്ത്, സൊമാറ്റോ വലിയ തോതിൽ ആളുകളെ എടുത്തിരുന്നു. ഇതിനിടയിലാണ്, 225 നഗരങ്ങളിൽ സൊമാറ്റോ സേവനം അവസാനിപ്പിച്ചത്.
സെപ്റ്റംബർ പാദത്തിൽ സൊമാറ്റോയുടെ അറ്റ നഷ്ടം മുൻ സാമ്പത്തിക വർഷത്തെ 429.6 കോടി രൂപയിൽ നിന്ന് 251 കോടി രൂപയായി കുറഞ്ഞു. വാർഷിക വരുമാനത്തിൽ ബില്യൺ ഡോളർ കടന്ന ആദ്യ പാദമാണിതെന്നും കമ്പനി വെളിപ്പെടുത്തി. വരുമാനം 62.2 ശതമാനം ഉയർന്ന് 1,024 കോടിയിൽ നിന്ന് 1,661 കോടി രൂപയായി.