കോവിഡ് വ്യാപനം രൂക്ഷമായതോടെ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതിനാൽ ജില്ലയിൽ കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചു.
കോവിഡ് വ്യാപനം രൂക്ഷമായതോടെ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതിനാൽ ജില്ലയിൽ കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചു. പകുതിയിലധികം സർവീസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കെഎസ്ആർടിസി റദ്ദാക്കിയത്. യാത്രക്കാർ ഇല്ലാതായതോടെ ജില്ലയിലെ സ്വകാര്യ ബസുകളും ഓട്ടം നിർത്തുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ കർശനമായതോടെ ബസിൽ ഇന്ധനം നിറയ്ക്കാനുള്ള പണം പോലും ലഭിക്കാതായതോടെയാണ് സ്വകാര്യ ബസുകൾ ഓട്ടം നിർത്തിയത്. കട്ടപ്പനയിൽ ആകെയുള്ള 26 സർവീസുകൾ 17 എണ്ണമാക്കി.
26 സർവീസുകൾ നടത്തിയിരുന്നപ്പോൾ ദിവസം ശരാശരി 3 ലക്ഷം രൂപ വരുമാനം ഉണ്ടായിരുന്നു. തിങ്കളാഴ്ച 2 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. അതോടെയാണ് നാമമാത്രമായ യാത്രക്കാരുമായി സർവീസ് നടത്തിയിരുന്ന ബസുകൾ താൽക്കാലികമായി ഓടിക്കേണ്ടെന്ന് തീരുമാനിച്ചത്. ബെംഗളുരുവിലേക്കുള്ള സർവീസും മിന്നൽ സർവീസുമെല്ലാം നിർത്തിവച്ചവയിൽ ഉൾപ്പെടുന്നു. പല മേഖലകളിലേക്കു പോകുന്ന ബസുകളിലും സീറ്റിന്റെ പകുതി പോലും ആളുകൾ ഇല്ലാത്ത സ്ഥിതിയാണ്. നെടുങ്കണ്ടം കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിൽ നിന്നു 2 ദീർഘദൂര സർവീസുകൾ വെട്ടിക്കുറച്ചു. പുലർച്ചെ 3.25 നു പുറപ്പെടുന്ന നെടുങ്കണ്ടം ശിവഗിരി, 5.50 ന്റെ നെടുങ്കണ്ടം കോട്ടയം സർവീസുകളാണ് നിർത്തിയത്.
ഇന്നലെ 8 സർവീസുകൾ നടത്തി. ഇന്നു മുതൽ 6 സർവീസുകൾ മാത്രമാണ് നെടുങ്കണ്ടം സെന്ററിൽ നിന്നു സർവീസ് നടത്തുന്നത്. മൂലമറ്റം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു സർവീസുകൾ പകുതിയായി കുറച്ചു. 9 ബസുകളാണ് ഇന്നലെ സർവീസ് നടത്തിയത്. ഗ്രാമീണ സർവീസുകൾ നിലനിർത്തി. 3000 രൂപയിൽ താഴെ കലക്‌ഷനുള്ള ബസുകളാണ് ഇന്നലെ മുതൽ സർവീസ് നിർത്തിയത് എന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു. കുമളി ഡിപ്പോയിലെ സർവീസുകൾ 24ൽ നിന്ന് 13 ആക്കി. ശനിയാഴ്ച 10 സർവീസുകളും ഞായറാഴ്ച 5 സർവീസുകളുമാണ് ഉണ്ടാകുക.
ആനക്കുഴി, ഉപ്പുതറ തുടങ്ങി ഉൾപ്രദേശങ്ങളിലേക്കുള്ള സർവീസുകൾ മുടക്കമില്ലാതെ നടത്തും.45 ഷെഡ്യൂളുകളാണ് കുമളി ഡിപ്പോയിലുള്ളത്. കോവിഡ് രൂക്ഷമായതോടെ ഇത് 24 ആക്കിയിരുന്നു. തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള 20 സർവീസുകൾ കൂടി ഇന്നലെ റദ്ദാക്കി. ആകെ 55 സർവീസുകളാണ് ഉണ്ടായിരുന്നത്. ലോക്ഡൗണിൽ നിർത്തിയ സർവീസുകളിൽ പിന്നീട് ഘട്ടം ഘട്ടമായി 40 എണ്ണമാണ് പുനരാരംഭിച്ചത്. ഇതിൽ 20 സർവീസുകളാണ് ഇന്നലെ മുടങ്ങിയത്. എറണാകുളം , വൈക്കം, ചേലച്ചുവട്, കട്ടപ്പന തുടങ്ങിയ റൂട്ടുകളിലെ ബസുകളാണ് ഇന്നലെ മുടങ്ങിയത്.