രാജസ്ഥാനിലെ ഉദയ്പൂരില്‍ കാലാജി ഗോരാജി പ്രദേശത്തെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരുന്ന 2.15 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകള്‍ ചിതലരിച്ച് നശിച്ചു
രാജസ്ഥാനിലെ ഉദയ്പൂരില്‍ കാലാജി ഗോരാജി പ്രദേശത്തെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരുന്ന 2.15 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകള്‍ ചിതലരിച്ച് നശിച്ചു.വ്യാഴാഴ്ച ഒരു വനിതാ ഉപഭോക്താവ് ലോക്കര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇത് അറിയുന്നത്. ബാങ്കിനെതിരെ ലോക്കര്‍ ഉടമ സുനിത മേത്ത അധികാരികള്‍ക്ക് പരാതി നല്‍കി.
വ്യാഴാഴ്ച ഉച്ചയോടെ ബാങ്കിലെത്തിയ സുനിത, ലോക്കറില്‍ സൂക്ഷിച്ചിരുന്ന നോട്ടുകളില്‍ ചിതലുകളെ കണ്ടതിനെ തുടര്‍ന്ന് ബാങ്ക് മാനേജ്‌മെന്റിനെ വിവരം അറിയിക്കുകയായിരുന്നു. തുണിസഞ്ചിയില്‍ രണ്ട് ലക്ഷം രൂപയും ബാഗിന് പുറത്ത് 15,000 രൂപയുമാണ് സൂക്ഷിച്ചിരുന്നത്. കേടുവന്ന 15,000 രൂപ ബാങ്ക് മാനേജര്‍ മാറ്റി നല്‍കിയെങ്കിലും വീട്ടിലെത്തി ബാഗില്‍ ഉണ്ടായിരുന്ന നോട്ടുകള്‍ തുറന്നപ്പോള്‍, അതില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയുടെ നോട്ടുകളിലും ചിതലിനെ കണ്ടെത്തി.
ലോക്കറിനുള്ളിലെ സാധനങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണെന്ന് സുനിത പറഞ്ഞു. ബാങ്കിന്റെ അനാസ്ഥയും കീടനിയന്ത്രണമില്ലാത്തതുമാണ് ലോക്കറിനുള്ളിലെ സാധനങ്ങള്‍ കേടാകാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. ഏകദേശം 20 മുതല്‍ 25 വരെ ലോക്കറുകള്‍ ചിതലിന്റെ ആക്രമണത്തിന് വിധേയമായി എന്നാണ് വിവരം. വിവരം ഉന്നത അധികാരികളെ അറിയിച്ചതായും പ്രശ്നം പരിഹരിക്കാന്‍ ഉപഭോക്താവിനെ വിളിച്ചിട്ടുണ്ടെന്നും സീനിയര്‍ മാനേജര്‍ പ്രവീണ്‍ കുമാര്‍ യാദവ് പറഞ്ഞു.