റിസോർട്ട് വിവാദം; എല്ലാം മാധ്യമസൃഷ്ടിയെന്ന് ഇ.പി ജയരാജൻ
തിരുവനന്തപുരം: റിസോർട്ട് വിവാദത്തിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി ഇ.പി ജയരാജൻ. തനിക്കെതിരെ ആരും ആരോപണമുന്നയിച്ചിട്ടില്ലെന്നും മാധ്യമങ്ങളാണ് വിവാദമുണ്ടാക്കുന്നതെന്നും ജയരാജൻ വിമർശിച്ചു. താൻ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് ആരും പറഞ്ഞിട്ടില്ല. വിവാദത്തിന് പിന്നിൽ ആരാണെന്ന് മാധ്യമങ്ങൾ കണ്ടെത്തണമെന്നും ഇ.പി ജയരാജൻ തിരുവനന്തപുരത്ത് പറഞ്ഞു. മടിയിൽ കനമുള്ളവനെ ഭയപ്പെടേണ്ടതുള്ളൂ, തനിക്കതില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്കെതിരെയുള്ള ആരോപണങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ബോംബ് സ്ഫോടനം വരെ നടന്നില്ലേയെന്നും ഇ.പി ജയരാജൻ ചോദിച്ചു. വ്യക്തിഹത്യയ്ക്ക് വേണ്ടി വാർത്തകൾ ഉണ്ടാക്കരുതെന്നും വിവാദത്തിന് പിന്നിൽ ആരാണെന്ന് മാധ്യമങ്ങൾ കണ്ടെത്തണമെന്നും ഇ.പി ജയരാജൻ പറഞ്ഞു. എല്ലാം നോക്കാനുള്ള ശേഷി സി.പി.എമ്മിനുണ്ടെന്നും സഖാക്കളെയാണ് താൻ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.