ജില്ല ആശുപത്രിയിലെ ഒ.പി ചീട്ട് ദുരുപയോഗം ചെയ്ത് മരുന്ന് വാങ്ങുന്ന സംഭവത്തിന് പിന്നില്‍ ലഹരിയടങ്ങുന്ന മരുന്നുകള്‍ കൈകാര്യം ചെയ്യുന്ന സംഘമെന്ന് പൊലീസ്
തൊടുപുഴ: ജില്ല ആശുപത്രിയിലെ ഒ.പി ചീട്ട് ദുരുപയോഗം ചെയ്ത് മരുന്ന് വാങ്ങുന്ന സംഭവത്തിന് പിന്നില്‍ ലഹരിയടങ്ങുന്ന മരുന്നുകള്‍ കൈകാര്യം ചെയ്യുന്ന സംഘമെന്ന് പൊലീസ്.സംഭവത്തില്‍ തൊടുപുഴ പൊലീസ് സബ് ഡിവിഷനിലെ ഏഴ് സ്റ്റേഷന്‍ പരിധിയിലെ മെഡിക്കല്‍ സ്റ്റോറുകള്‍ക്കും ആശുപത്രി അധികൃതര്‍ക്കും ഡോക്ടര്‍മാര്‍ക്കും ജനമൈത്രി ബീറ്റ് ഓഫിസര്‍മാര്‍ മുഖേന നോട്ടീസ് നല്‍കിത്തുടങ്ങി. യുവാക്കള്‍ക്കിടയിലെ അപകടകരമായ ലഹരി വസ്തുക്കളുടെ ദുരുപയോഗം തടയുന്നതിന്‍റെ ഭാഗമായാണ് നോട്ടീസ് നല്‍കുന്നത്. മെഡിക്കല്‍ രംഗത്തെ ആളുകളില്‍നിന്ന് സഹകരണം പ്രതീക്ഷിച്ച് പൊലീസില്‍നിന്നുള്ള ആദ്യ നീക്കമാണിത്.
കുറിപ്പടിയുമായി ചില പ്രത്യേക മരുന്നുകള്‍ക്കായി സംശയാസ്പദ സാഹചര്യത്തില്‍ കൗമാരക്കാരോ യുവതീയുവാക്കളോ എത്തിയാല്‍ മരുന്ന് കുറിച്ച ഡോക്ടറുമായോ ആശുപത്രി ഡിസ്പെന്‍സറിയുമായോ ബന്ധപ്പെട്ട് നിജസ്ഥിതി ഉറപ്പുവരുത്തണമെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്കുള്ള മുന്നറിയിപ്പ് നോട്ടീസില്‍ പറയുന്നു. ഇങ്ങനെ എത്തുന്നവരുടെ ഫോണ്‍ നമ്ബര്‍ ശേഖരിക്കുകയും അവരുടെ ഫോട്ടോ മെബൈല്‍ ഫോണിലോ സി.സി ടി.വിയിലോ കൃത്യമായി പതിയുന്ന തരത്തില്‍ എടുക്കുകയും തുടര്‍ന്ന് വിവരം തൊടുപുഴ ഡിവൈ.എസ്.പിയെ അറിയിക്കുകയും ചെയ്യണം.
വിവരങ്ങള്‍ നല്‍കുന്ന മെഡിക്കല്‍ സ്റ്റോറുകളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. കൂടാതെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ ലെറ്റര്‍ പാഡും ആശുപത്രി സീലും ഉത്തരവാദിത്തത്തില്‍പെട്ട ജീവനക്കാര്‍തന്നെ സൂക്ഷിക്കണം. രോഗികള്‍ ഡോക്ടറെ കാണാതെ ഒ.പി ചീട്ടുമായി പോകുന്നുണ്ടോ എന്നും വ്യാജ രോഗാവസ്ഥ പറഞ്ഞ് ഇത്തരം മരുന്നുകള്‍ വാങ്ങുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്നും ആശുപത്രികള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.
ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 9497990059 എന്ന നമ്ബറില്‍ ബന്ധപ്പെടണമെന്ന് തൊടുപുഴ ഡിവൈ.എസ്.പി എം.ആര്‍. മധു ബാബു അഭ്യര്‍ഥിച്ചു. ആശുപത്രി കേന്ദ്രീകരിച്ച് വ്യാജ പേരില്‍ ഒ.പി ടിക്കറ്റെടുത്ത ശേഷം മെഡിക്കല്‍ സ്റ്റോറില്‍ മരുന്ന് വാങ്ങാനെത്തുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ദിവസം മരുന്ന് വാങ്ങാനെത്തിയ യുവാവിനെ കൈയോടെ പിടികൂടിയെങ്കിലും ബലപ്രയോഗത്തിലൂടെ ഇയാള്‍ ആശുപത്രി ജീവനക്കാരെ വെട്ടിച്ച് കടന്നുകളഞ്ഞു. ഒ.പിയില്‍ നിറയെ രോഗികള്‍ ക്യൂവില്‍ നില്‍ക്കുമ്ബോഴാണ് ഇവര്‍ തട്ടിപ്പിനെത്തുന്നത്.
വ്യാജ പേരില്‍ കൗണ്ടറില്‍നിന്ന് ഒ.പി ടിക്കറ്റ് കരസ്ഥമാക്കുകയും തുടര്‍ന്ന് ഡോക്ടര്‍മാരെ കാണാനെന്ന വ്യാജേന രോഗികള്‍ ഇരിക്കുന്ന ഭാഗത്തേക്ക് മാറിയ ശേഷം ഇവിടെനിന്ന് മുങ്ങുകയുമാണ് ചെയ്യുന്നത്. പിന്നീട് ഇതേ ഒ.പി ടിക്കറ്റില്‍ ഇവര്‍ തന്നെ ചില മരുന്നുകള്‍ എഴുതിച്ചേര്‍ക്കും. ഇതുമായി മെഡിക്കല്‍ സ്റ്റോറുകളിലെത്തി മരുന്ന് വാങ്ങും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ച സാഹചര്യത്തിലാണ് പൊലീസ് നടപടി.