വിദ്യാർത്ഥികൾക്ക് സൗജന്യമായി കമ്പോസ്റ്റ് ബിൻ; നിയന്ത്രണ ദിനങ്ങളിലും ലിൻസി ടീച്ചർ തിരക്കിലാണ്
കട്ടപ്പന :സ്കൂൾ വിദ്യാർത്ഥികൾക്ക് മാലിന്യ സംസ്കരണ യൂണിറ്റായ ലാർവ കമ്പോസ്റ്റ് ബിൻ നിർമിക്കുന്ന തിരക്കിലാണ് മുരിക്കാട്ടുകുടി ഗവ.ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രൈമറി വിഭാഗം അധ്യാപിക ലബ്ബക്കട കൊച്ചുപറമ്പിൽ ലിൻസി ജോർജും കുടുംബവും .ലിൻസി പഠിപ്പിക്കുന്ന പ്രൈമറി വിഭാഗത്തിലെ മുഴുവൻ വിദ്യാർഥികൾക്കും ഓരോ യൂണിറ്റ് കമ്പോസ്റ്റ് ബിൻ സൗജന്യമായി വീടുകളിൽ എത്തിച്ചു നൽകാനാണ് പരിശ്രമിക്കുന്നത് .അടുക്കള മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയുമ്പോൾ മാലിന്യം കുമിഞ്ഞുകൂടി ഈച്ചയും കൊതുകും പെരുകുകയും പകർച്ചവ്യാധികളും രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു .അടുക്കള മാലിന്യങ്ങൾ ടീച്ചർ നിർമിച്ചുനൽകുന്ന കമ്പോസ്റ്റ് ബിന്നിൽ നിക്ഷേപിക്കുമ്പോൾ ‘സോൾജിയർ ഫ്ലൈ’ എന്ന പ്രാണികളുടെ സഹായത്താൽ മാലിന്യം സംസ്കരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ കമ്പോസ്റ്റായി രൂപപ്പെടുന്നു. കമ്പോസ്റ്റ് ബിന്നിൽ സ്ഥാപിച്ചിരിക്കുന്ന ടിന്നിൽ വീഴുന്ന ലാർവകളെ കോഴികൾക്കും മീനിനും തീറ്റയായി നൽകാം.കൂടാതെ ബിന്നിൽ നിന്നും ലഭിക്കുന്ന സ്ലറി പത്തിരട്ടി വെള്ളം ചേർത്ത് പച്ചക്കറികൾക്കും കൃഷികൾക്കും ഉപയോഗപ്പെടുത്താമെന്നതും ഇതിന്റെ സവിശേഷതയാണന്ന് ലിൻസി ടീച്ചർ പറയുന്നു . നവമാധ്യമങ്ങളിൽ നിന്ന് ലഭിച്ച അറിവും ഭർത്താവ് സെബാസ്റ്റ്യൻ, മക്കളായ ജോയൽ ,ടോം, സെബാസ്റ്റിന്റെ സുഹൃത്തു ബിനു.സി.ജോസ് എന്നിവരുടെ സഹായത്താലാണ് ബിൻ നിർമാണം പൂർത്തീകരിച്ചത് . സാമൂഹിക ക്ഷേമ വകുപ്പിൽ നിന്നും മികച്ച ജീവനക്കാർക്കുള്ള അവാർഡായി ലിൻസിക്ക് ലഭിച്ച തുകയും കുട്ടിക്കാനം മരിയൻ കോളേജിന്റെ സഹകരണവും കൊണ്ടാണ് ബിന്നിനുള്ള സാമഗ്രികൾ വാങ്ങിയത് . സ്കൂളിലെ അൻപതിൽ പരം വിദ്യാർത്ഥികൾക്കാണ് മാർക്കറ്റിൽ 550 രൂപ വിലയുള്ള ബിൻ സൗജന്യമായി നൽകുന്നത്.