കേരളത്തിലെ പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികളുടെ നൂതനാശയങ്ങള്‍ക്ക് പ്രായോഗികവും സൈദ്ധാന്തികവുമായ പിന്തുണ നല്‍കുന്നതിനാണ് സംസ്ഥാന സര്‍ക്കാരും ഉന്നതവിദ്യാഭ്യാസ വകുപ്പും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദു പറഞ്ഞു
കൊച്ചി: കേരളത്തിലെ പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികളുടെ നൂതനാശയങ്ങള്‍ക്ക് പ്രായോഗികവും സൈദ്ധാന്തികവുമായ പിന്തുണ നല്‍കുന്നതിനാണ് സംസ്ഥാന സര്‍ക്കാരും ഉന്നതവിദ്യാഭ്യാസ വകുപ്പും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദു പറഞ്ഞു.അസാപ് കേരള നാളെ സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ സ്റ്റുഡന്റ്സ് സമ്മിറ്റുമായി ബന്ധപ്പെട്ട് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനുള്ള അംഗീകാരമായി ദേശീയ അക്രഡിറ്റേഷന് ഏജന്‍സിയായ നാക്കി(NAAC)ന്റെ ഉയര്‍ന്ന ഗ്രേഡുകള്‍ നമ്മുടെ സര്‍വകലാശാലകള്‍ക്കും സര്‍ക്കാര്‍, എയ്ഡഡ് കോളെജുകള്‍ക്കും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
“വിദ്യാര്‍ത്ഥികളെ സ്വയം തൊഴിലന്വേഷകര്‍ എന്ന നിലയില്‍ നിന്ന് തൊഴില്‍ദാതാക്കളായി മാറ്റുന്നതിനും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. പ്രൊഫഷനല്‍ സ്റ്റുഡന്റ്സ് സമ്മിറ്റും ഇതിന്റെ ഭാഗമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും നേരിടുന്ന പ്രശ്നങ്ങളും പരിമിതികളും പങ്കുവെക്കുന്നതിനുമുള്ള വേദി കൂടിയാണ് ഈ വിദ്യാര്‍ത്ഥി ഉച്ചക്കോടി,” മന്ത്രി പറഞ്ഞു.
കേരളത്തെ പുതിയ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി സര്‍വകലാശാലകളും മറ്റു ഏജന്‍സികളും കേന്ദ്രീകരിച്ച് ഗവേഷണങ്ങള്‍ക്കും നൈപുണ്യ വികസനത്തിനും വലിയ പിന്തുണ നല്കിവരുന്നു. കേരള സാങ്കേതിക സര്‍വകലാശാലയോട് ചേര്‍ന്ന് ഐഐടി നിലവാരത്തിലുള്ള മികച്ച ഗവേഷണ കേന്ദ്രം ആരംഭിക്കും. മഹാത്മാ ഗാന്ധി സര്‍വകലാശാല ഒരു കമ്ബനി രൂപീകരിക്കുകയും 35 കോടി രൂപ ചിലവില്‍ ഇന്നോവേഷന്‍ ഇന്‍ക്യൂബേഷന്‍ സെന്റര്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ അടക്കം പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളെ പ്രായോഗിക തലത്തില്‍ തൊഴില്‍, സംരഭക സജ്ജരാക്കാനുള്ള ശ്രമങ്ങളാണ് ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ തുടരാനുള്ള സാഹചര്യം ഉണ്ടാക്കുന്നതിനാണ് പ്രാഥമിക പരിഗണനയെന്നും മന്ത്രി പറഞ്ഞു. ഗുണനിലവാരമില്ലാത്ത വിദേശ സര്‍വകലാശാലകളിലേക്ക് വിദ്യാര്‍ത്ഥികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്ന സ്ഥിതിയുണ്ട്. ഇത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഈ രംഗത്തെ ചൂഷണങ്ങളെ തടയും.
പ്രൊഫഷനല്‍ സ്റ്റുഡന്റ്സ് സമ്മിറ്റ് നാളെ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. 400ലധികം പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളും അഞ്ഞൂറോളം അധ്യാപകരും ഉച്ചകോടിയില്‍ പങ്കെടുക്കും. ഭാരത് ബയോടെക് എക്സിക്യൂട്ടീവ് ചെയര്മാന് പത്മഭൂഷണ്‍ ഡോ. കൃഷ്ണ എല്ലയാണ് മുഖ്യാതിഥി. നാക് ചെയര്മാന് ഡോ. ഭൂഷണ് പട്വര്ദ്ധന്, ആമസോണ്‍ വെബ് സര്‍വ്വീസ് ഹെഡ് ഓഫ് ബിസിനസ് ഡെവലപ്മെന്റ് അമിത് മേത്ത തുടങ്ങി 25 വിദഗ്ധരുടെ വിവിധ സെഷനുകളും ചര്‍ച്ചകളും നടക്കും. വൈകീട്ട് നാലിന് മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളുമായി നേരിട്ട് സംവദിക്കും. വാര്‍ത്താ സമ്മേളനത്തില്‍ അസാപ് സിഎംഡി ഡോ. ഉഷ ടൈറ്റസ് പങ്കെടുത്തു.