വേനല്‍ കനത്തതോടെ മലയോരത്ത് കാട്ടുതേനീച്ചകളുടെയും കടന്നലിന്റെയും ആക്രമണഭീഷണി കൂടുകയാണ്
ഇരിട്ടി: വേനല്‍ കനത്തതോടെ മലയോരത്ത് കാട്ടുതേനീച്ചകളുടെയും കടന്നലിന്റെയും ആക്രമണഭീഷണി കൂടുകയാണ്. കഴിഞ്ഞ ദിവസം കാട്ടുതേനീച്ചയുടെ കുത്തേറ്റ് കോളിക്കടവില്‍ ഒരാള്‍ മരിച്ചത് ജനങ്ങളെ ഭീതിയിലാക്കുന്നു.മേഖലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഇവയുടെ സാന്നിധ്യം ഉള്ളതാണ് ആശങ്ക കൂട്ടുന്നത്.
താലൂക്ക് വികസന സമിതി യോഗത്തില്‍ ഇരിട്ടി എ.ഇ.ഒ തന്നെ സ്‌കൂള്‍ പരിസരത്തെ കാട്ടുതേനീച്ചക്കൂടുമായി ബന്ധപ്പെട്ട ഭീഷണി ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പെടുത്തിയിരുന്നു. തൊട്ടടുത്ത ദിവസംതന്നെ തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ക്ക് ജീവന്‍ നഷ്ടമായ സംഭവം പ്രശ്‌നത്തിന്റെ ഗൗരവം കൂട്ടുന്നു. മേഖലയിലെ പ്രധാന പാലങ്ങള്‍, ബഹുനില കെട്ടിടങ്ങള്‍, റോഡരികിലെയും കൃഷിയിടങ്ങളിലെയും കൂറ്റന്‍ മരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കാട്ടുതേനീച്ചകളുടെയോ കടന്നലിന്റെയോ കൂടുകളുണ്ട്.
കഴിഞ്ഞ ദിവസം കാട്ടുതേനീച്ചയുടെ കുത്തേറ്റ് മരിച്ച സെബാസ്റ്റ്യന്‍ സ്വന്തം പറമ്ബില്‍ ടാപ്പിങ് നടത്തുന്നവരെ സഹായിക്കാന്‍ പോയതായിരുന്നു. സമീപത്തെ പറമ്ബില്‍നിന്ന് തേനീച്ചയുടെ കുത്തേറ്റ് ആളുകള്‍ ഓടുന്നതിനിടയില്‍ പിന്തുടര്‍ന്നെത്തിയ തേനീച്ചക്കൂട്ടം സെബാസ്റ്റ്യനെ വളയുകയായിരുന്നു. നൂറോളം ഈച്ചകളുടേ കുത്തേറ്റ് തളര്‍ന്നുവീണ സെബാസ്റ്റ്യനെ ഇരിട്ടിയില്‍നിന്നും അഗ്നിരക്ഷാസേന എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടയില്‍ രണ്ട് അഗ്നിരക്ഷാസേന പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ ആറു പേര്‍ക്ക് കുത്തേറ്റു.
കുത്തേറ്റ് 48 മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിന് മുമ്ബുതന്നെ സെബാസ്റ്റ്യന്‍ മരണത്തിന് കീഴടങ്ങി. നിസ്സാരമായി കാണേണ്ടതല്ല ഇവയുടെ ഭീഷണിയെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.
വെയിലിന് ചൂട് കൂടുമ്ബോള്‍ തേനീച്ചക്കൂട്ടം സ്വയം കൂട്ടില്‍നിന്നിളകി ഭീഷണിയാകാറുണ്ട്. മറ്റു സന്ദര്‍ഭങ്ങളില്‍ കാക്ക, പരുന്ത് തുടങ്ങിയ പക്ഷികള്‍ ഇവയുടെ കൂടിന് കൊത്തുമ്ബോഴാണ് കൂട്ടമായി ഇളകുന്നത്. കഴിഞ്ഞ ദിവസം കേളകം, കൊട്ടിയൂര്‍ മേഖലയില്‍നിന്നും 12ഓളം പേര്‍ക്കാണ് കാട്ടുതേനീച്ചകളുടെ കുത്തേറ്റത്. കഴിഞ്ഞ ദിവസം അടക്കാത്തോട് സ്കൂള്‍ ഗ്രൗണ്ടില്‍ മരത്തിന് മുകളില്‍ തേനീച്ചക്കൂട്ടം കൂടുകൂട്ടിയത് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തേനീച്ചകളെക്കൊണ്ട് പൊറുതിമുട്ടിയ പ്രദേശവാസികള്‍ വര്‍ഷംതോറും അധികൃതര്‍ക്ക് പരാതി നല്‍കാറുണ്ടെങ്കിലും നടപടിയുണ്ടാകാത്തത് അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്.
വന്‍ മരങ്ങളില്‍ കൂടുകൂട്ടുന്ന ഇവ മരത്തിന്റെ ചില്ലയൊടിഞ്ഞ് വീഴുമ്ബോഴും വേനല്‍ കാറ്റില്‍ മരച്ചില്ലകള്‍ ഇളകിയാടുമ്ബോഴും പുറത്തിറങ്ങും. നിരവധി വാഹനങ്ങളും യാത്രക്കാരും പോകുന്ന കോളിക്കടവ് പാലത്തിന്റെ അടിവശം നിറയെ കാട്ടുതേനീച്ചകളുടെ കൂടുകളുണ്ട്.
ഇരിട്ടി-പേരാവൂര്‍ റൂട്ടില്‍ കാക്കയങ്ങാട് മുതല്‍ എടത്തൊട്ടിവരെയുള്ള പ്രദേശങ്ങളില്‍ റോഡരികിലെ വലിയ മരത്തിന് മുകളിലും തേനീച്ചകളുടെ നിരവധി കൂടുകളുണ്ട്.
കെട്ടിടങ്ങളിലും പാലങ്ങളിലും അധികം പൊക്കത്തിലല്ലാതെ മരത്തിനുമുകളിലും കൂട്ടിയ കൂടുകള്‍ രാത്രികാലങ്ങളില്‍ മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് വലിയ പന്തം ഉണ്ടാക്കിയാണ് കത്തിച്ചുകളയുന്നത്. വനം വകുപ്പും പൊലീസുമൊന്നും ഇത്തരം പ്രവൃത്തികള്‍ക്ക് എത്താറില്ല. എല്ലാ പ്രദേശങ്ങളിലും ഒരു സംഘം നാട്ടുകാരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
തേനീച്ച ആക്രമണം കനത്തതോടെ പറമ്ബുകളിലും മറ്റും ജോലിക്ക് പോകുന്ന തൊഴിലാളികള്‍ ആശങ്കയിലാണ്. നിരന്തരമുണ്ടാകുന്ന കടുവ, പുലി, കാട്ടുപന്നി, കാട്ടാന ആക്രമണഭീതി നിലനില്‍ക്കുന്നതിനിടയില്‍ തേനീച്ചയും കടന്നലും കൂടി ഈ പട്ടികയിലേക്ക് കടന്നുവരുകയാണ്. ഇതുമൂലം ജീവഹാനി ഉണ്ടായവരും പരിക്കേറ്റവരും മലയോരത്ത് നിരവധിയാണ്. വന്യജീവി വകുപ്പ് തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണത്തിലുണ്ടാകുന്ന ജീവഹാനിക്ക് നഷ്ടപരിപാരം അനുവദിച്ച് മൂന്നു മാസം മുമ്ബ് ഉത്തരവിറക്കിയിരുന്നു. കാട്ടാനയുടെയും കാട്ടുപന്നിയുടെയും ആക്രമണത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. ഇത് തേനീച്ചയുടെയും കടന്നലിന്റെയും കുത്തേറ്റ് മരിക്കുന്നവര്‍ക്കും ലഭിക്കും.
തേനീച്ചക്കൂടുകള്‍ നീക്കം ചെയ്യാന്‍ നടപടി
കേളകം: അടക്കാത്തോട് സ്കൂളിന് ഭീഷണിയായ തേനീച്ചക്കൂടുകള്‍ നീക്കം ചെയ്യാന്‍ നടപടിയുമായി പഞ്ചായത്ത്. ഇരുപതിലധികം വീടുകള്‍ക്കും അടക്കാത്തോട് ഗവ. യു.പി സ്കൂളിലെ കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയായി സ്കൂള്‍ ഗ്രൗണ്ടിലെ കൂറ്റന്‍ മരത്തിലുള്ള 25 ഓളം തേനീച്ചക്കൂട്ടങ്ങളെ നീക്കം ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചതായി കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അറിയിച്ചു.
തേനീച്ചക്കൂട്ടത്തെ നീക്കിയ ശേഷം തേനീച്ചകള്‍ പതിവായി കൂടുകൂട്ടുന്ന മരം മുറിച്ചുനീക്കമെന്നും പ്രസിഡന്റ് അറിയിച്ചു.