മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : ഉപ്പുതറ രാജീവ്ഗാന്ധി കോളനി നിവാസികളെ പുനരധിവസിപ്പിക്കും
തൊടുപുഴ : ഉപ്പുതറ ഗ്രാമപഞ്ചായത്തിലെ രാജീവ് ഗാന്ധി കോളനിയിൽ ചോർന്നൊലിക്കുന്ന വീടുകളിൽ താമസിക്കുന്നവരെ ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ ഗ്രാമപഞ്ചായത്തുമായി കരാറിൽ ഏർപ്പെടുന്ന മുറയ്ക്ക് ഭവന നിർമ്മാണ ധനസഹായം അനുവദിക്കുന്നതാണെന്നും ഇവരുടെ ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. രാജീവ്ഗാന്ധി കോളനിയിൽ 1995-96 വർഷത്തിൽ ഭവന നിർമ്മാണ ബോർഡ് നിർമ്മിച്ച 50 വീടുകളാണ് വാസയോഗ്യമല്ലാതായത്. തുടർനടപടികൾ ഉടൻ പൂർത്തിയാക്കി എത്രയും വേഗം പരാതി പരിഹരിക്കണമെന്ന് കമ്മീഷൻ ഉപ്പുതറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. രാജീവ്ഗാന്ധി കോളനിയിൽ താമസിക്കുന്നവരുടെ ദുരിതങ്ങളെ കുറിച്ച് മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി.