ലോകത്തെ 21% തണ്ണീര്‍ത്തടങ്ങള്‍ 1700 മുതൽ നാശം നേരിട്ടെന്ന് പഠനം
പാരീസ്: 1700 മുതൽ ലോകത്തിലെ 21 ശതമാനം തണ്ണീർത്തടങ്ങളും നാശം നേരിട്ടതായി പഠനം. അതായത് ഭൂമിയുടെ കരഭാഗത്തിന്റെ ഏകദേശം 2 ശതമാനം അപ്രത്യക്ഷമായി. മുന്‍പ് കരുതപ്പെട്ടതിനെക്കാളേറെ നാശം ഇവ നേരിട്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ചൈന തുടങ്ങിയ രാജ്യങ്ങളാണ് ചരിത്രപരമായി ഏറ്റവും കൂടുതൽ നാശം നേരിട്ടത്. കൂടുതൽ നാശം തടയുന്നതിനുള്ള മുന്നറിയിപ്പായി പുതിയ പഠനം വിലയിരുത്തപ്പെടുന്നുവെന്ന് പഠനത്തിന്‍റെ സഹ-രചയിതാവ് പീറ്റർ മക്കന്‍റെർ പറഞ്ഞു.
ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തിലാണ് ഭൂരിഭാഗം വരുന്ന മേഖലയും നാശം നേരിട്ടത്. അമേരിക്കയില്‍ മാത്രം 40 ശതമാനം തണ്ണീർത്തടങ്ങൾ നശിച്ചു. ആഗോള തലത്തില്‍ നാശം നേരിടുന്ന തണ്ണീർത്തടങ്ങളുടെ തോത് കുറയുമ്പോൾ ഇന്തോനേഷ്യ പോലുള്ള സ്ഥലങ്ങളിൽ ഇത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്തോനേഷ്യയിൽ തണ്ണീർത്തടങ്ങൾ കാർഷിക ആവശ്യങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു എന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം.
ഐക്യരാഷ്ട്രസഭയുടെ റാംസാർ ഉടമ്പടി പ്രകാരം കഴിഞ്ഞ 50 വർഷത്തിനിടെ 35 ശതമാനം തണ്ണീർത്തടങ്ങളും അപ്രത്യക്ഷമായി.154 രാജ്യങ്ങളിൽ നിന്നുള്ള 3,320 അന്താരാഷ്ട്ര, പ്രാദേശിക ഡാറ്റകൾ സമാഹരിച്ചാണ് പഠനം നടത്തിയത്.