ലോകത്തിലെ ഏറ്റവും പ്രായം കൂടിയ എലി; വേൾഡ് റെക്കോർഡ് ഇനി പാറ്റിന് സ്വന്തം
സാൻ ഡീഗോ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ എലി ഏതാണെന്ന് അറിയോമോ? പാറ്റ് എന്ന് പേരുള്ള ഒരു പസഫിക് പോക്കറ്റ് മൗസാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ എലി. മനുഷ്യരുടെ പരിചരണത്തിൽ വളരുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ എലിയെന്ന ഗിന്നസ് വേൾഡ് റെക്കോർഡാണ് പാറ്റ് സ്വന്തമാക്കിയത്. ഒമ്പത് വയസുണ്ട് പാറ്റിന്.
സ്റ്റാർ ട്രെക്ക് നടൻ പാട്രിക് സ്റ്റുവർട്ടിന്‍റെ പേരുമായി ബന്ധപ്പെട്ടാണ് എലിക്ക് പാറ്റ് എന്ന് പേരിട്ടത്. ബുധനാഴ്ച പാറ്റിന് 9 വയസും 209 ദിവസവും പ്രായമായി. അപ്പോഴാണ് ഗിന്നസ് റെക്കോഡ് ലഭിച്ചത് എന്ന് സാൻ ഡീഗോ സൂ വൈൽഡ് ലൈഫ് അലയൻസ് പറഞ്ഞു.
2013 ജൂലൈ 14 ന് സാൻ ഡീഗോ മൃഗശാല സഫാരി പാർക്കിൽ ഒരു സംരക്ഷണ പ്രജനന പരിപാടിയുടെ ഭാഗമായാണ് പാറ്റ് ജനിച്ചത്. മൃഗശാല അധികൃതർ തന്നെയാണ് ഗിന്നസ് വേൾഡ് റെക്കോർഡിനെ സമീപിച്ചതും. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ എലിയെന്ന പാറ്റിന്‍റെ നേട്ടത്തിന്‍റെ ഭാഗമായി എട്ടാം തീയതി മൃഗശാലയിൽ ഒരു വലിയ ആഘോഷവും നടന്നിരുന്നു.