സംസ്ഥാനത്ത് വെള്ളക്കരം വീണ്ടും കൂട്ടുന്നു. ഇപ്പോഴത്തെ വര്‍ധന കൂടാതെ ഏപ്രില്‍ ഒന്നു മുതല്‍ അഞ്ച് ശതമാനം കൂടി വര്‍ധിക്കും
കോഴിക്കോട്: സംസ്ഥാനത്ത് വെള്ളക്കരം വീണ്ടും കൂട്ടുന്നു. ഇപ്പോഴത്തെ വര്‍ധന കൂടാതെ ഏപ്രില്‍ ഒന്നു മുതല്‍ അഞ്ച് ശതമാനം കൂടി വര്‍ധിക്കും.കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരമുള്ള താരിഫ് വര്‍ധന ഈ വര്‍ഷവും ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ഇതു പ്രകാരം ഇപ്പോള്‍ പ്രഖ്യാപിച്ച ചാര്‍ജിനൊപ്പം മൂന്നര രൂപ മതല്‍ 60 രൂപ വരെ ഇനിയും വര്‍ധിക്കും. വെള്ളക്കരം ലിറ്ററിന് ഒരു പൈസ വര്‍ധിപ്പിച്ചതിന്‍റെ ഞെട്ടല്‍ മാറും മുമ്ബേ വീണ്ടും വെള്ളം കുടി മുട്ടിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. അധിക വായ്പ അനുവദിക്കുന്നതിനുള്ള കേന്ദ്ര വ്യവസ്ഥ പ്രകാരം 2021 മുതല്‍ ഓരോ വര്‍ഷവും വെള്ളക്കരത്തില്‍ അഞ്ച് ശതമാനം താരിഫ് വര്‍ധിപ്പിക്കണം.
വെള്ളക്കരം വര്‍ധിപ്പിച്ചതിനാല്‍ ഈ വര്‍ഷം അതുണ്ടാകില്ലെന്നാണ് ജല അതോറിറ്റി ആദ്യം അറിയിച്ചത്. എന്നാല്‍ ഫെബ്രുവരി 6ന് സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ രേഖാ മൂലമുള്ള മറുപടിയില്‍ അഞ്ച് ശതമാനം വര്‍ധനവ് പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. അതായത് ഏപ്രില്‍ ഒന്ന് മുതല്‍ ഇപ്പോഴത്തെ നിരക്കിനൊപ്പം അഞ്ച് ശതമാനം വര്‍ധിപ്പിച്ച നിരക്കും ഉപഭോക്താവിന് ബാധകമാകും. 5000 ലിറ്റര്‍ ജലം ഉപയോഗിക്കുന്നവര്‍ 72.05 രൂപയുടെ സ്ഥാനത്ത് 75.65 രൂപ അടക്കണം.
വിവിധ സ്ലാബ് അടിസ്ഥാനത്തിലുള്ള വര്‍ധന പരിശോധിച്ചാല്‍ മൂന്നര രൂപ മുതല്‍ അറുപത് രൂപ വരെ വര്‍ധിക്കും. കൂടുതല്‍ പേര്‍ക്ക് കുടിവെള്ളമെത്തിക്കുന്ന ജല ജീവന്‍ മിഷനടക്കമുള്ള പദ്ധതികളുമായി മുന്നോട്ടു പോകണമെങ്കില്‍ കേന്ദ്ര വ്യവസ്ഥകള്‍ പാലിക്കണമെന്നാണ് ജല അതോറിറ്റി നല്‍കിയ വിശദീകരണം. ഒരു പൈസ വര്‍ധിപ്പിച്ചതിലൂടെ 401.61 കോടി രൂപയുടെ അധിക വരുമാനമാണ് ജല അതോറിറ്റിക്ക് കിട്ടുന്നത്.