രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പരിഹാസവുമായി പ്രതിപക്ഷം. ‘മോദി – അദാനി ഭായ് ഭായ്’ വിളികളുമായാണ് പ്രതിപക്ഷം പ്രധാനമന്ത്രിയെ സഭയില്‍ വരവേറ്റത്
ഡല്‍ഹി: രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പരിഹാസവുമായി പ്രതിപക്ഷം. ‘മോദി – അദാനി ഭായ് ഭായ്’ വിളികളുമായാണ് പ്രതിപക്ഷം പ്രധാനമന്ത്രിയെ സഭയില്‍ വരവേറ്റത്.നന്ദിപ്രമേയ ചര്‍ച്ചയില്‍ രാജ്യസഭയില്‍ മറുപടി പറയുകയായിരുന്ന പ്രധാനമന്ത്രിക്കെതിരായാണ് പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനം ഉതിര്‍ത്തത്.
അദാനി വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടിയൊന്നും മോദി പറഞ്ഞിരുന്നില്ല. ഗൗതം അദാനിയും മോദിയുമായുള്ള വഴിവിട്ട ബന്ധമാണ് രാഹുല്‍ ഗാന്ധിയും മറ്റു പ്രതിപക്ഷ നേതാക്കളും ദിവസങ്ങളായി പാര്‍ലമെന്‍റില്‍ ഉയര്‍ത്തിയത്. എന്നാല്‍, രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയ ചര്‍ച്ച ഉപസംഹരിച്ച് ലോക്സഭയില്‍ ദീര്‍ഘമായി സംസാരിച്ച പ്രധാനമന്ത്രി, അദാനിയെന്ന പേരുപോലും പറഞ്ഞില്ല.
മോദി-അദാനി വഴിവിട്ട ബന്ധം ലോക്സഭയില്‍ തുറന്നുകാട്ടി നിരവധി ചോദ്യങ്ങള്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി മുന്നോട്ടുവെച്ചിരുന്നു. അദാനി കമ്ബനികളിലേക്ക് പുറത്തുനിന്ന് പണം വരുന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ഉന്നയിച്ചു. അദാനി കമ്ബനികളുടെ തകര്‍ച്ച മുന്‍നിര്‍ത്തിയുള്ള ബഹളത്തില്‍ പല ദിവസങ്ങള്‍ പാര്‍ലമെന്‍റ് സ്തംഭിച്ചു.
അദാനിയുടെ കാര്യത്തില്‍ ഒന്നും പറയാത്ത കാര്യം മോദിയുടെ പ്രസംഗത്തിനിടയില്‍ പല പ്രതിപക്ഷാംഗങ്ങളും ചൂണ്ടിക്കാട്ടുകയും ചെയ്തതാണ്. പ്രധാനമന്ത്രിയുടെ ഒന്നര മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ കോണ്‍ഗ്രസിനെയും മുന്‍സര്‍ക്കാറുകളെയും രൂക്ഷമായി വിമര്‍ശിച്ചു. മോദിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം പത്ര തലക്കെട്ടുകളിലൂടെയോ ടി.വി ഷോകളിലൂടെയോ വന്നതല്ലെന്നും ജനസേവനത്തിലൂടെ ആര്‍ജിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ നടുങ്ങിനില്‍ക്കുന്നതു കൊണ്ടാണ് മോദിക്ക് ഒന്നും പറയാനില്ലാതെ പോയതെന്ന് രാഹുല്‍ ഗാന്ധി പിന്നീട് പ്രതികരിച്ചു. സുഹൃത്തായതുകൊണ്ടാണ് അദാനിക്കെതിരെ നരേന്ദ്ര മോദി അന്വേഷണം പ്രഖ്യാപിക്കാത്തതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു- “എന്‍റെ വാക്കുകള്‍ എന്തുകൊണ്ടു നീക്കി? എന്‍റെ ഒരു ചോദ്യത്തിനും പ്രധാനമന്ത്രി മറുപടി നല്‍കിയില്ല. ഞാന്‍ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളൊന്നും അദ്ദേഹത്തോട് ചോദിച്ചില്ല. അദാനിയുമായുള്ള ബന്ധത്തെ കുറിച്ചാണ് ചോദിച്ചത്. അദാനി സുഹൃത്ത് അല്ലായിരുന്നുവെങ്കില്‍ പ്രധാനമന്ത്രി അന്വേഷണം പ്രഖ്യാപിക്കുമായിരുന്നു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഒരിടത്ത് പോലും അദാനിക്കെതിരായ അന്വേഷണത്തെ കുറിച്ച് പരാമര്‍ശമില്ല. പ്രതിരോധ മേഖലയിലെ ഷെല്‍ കമ്ബനികളെ കുറിച്ചും മൗനം പാലിക്കുകയാണ്”- രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനിയെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് വ്യക്തമാണെന്നും രാഹുല്‍ പറഞ്ഞു. ഇത് ദേശീയ സുരക്ഷയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും പ്രശ്നമാണ്. അത് പരിശോധിക്കുമെന്ന് രാഹുല്‍ പറഞ്ഞു.
അദാനി ഓഹരി വിവാദത്തില്‍ പ്രധാനമന്ത്രിക്കെതിരെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യസഭാ രേഖകളില്‍ നിന്ന് നീക്കി. നടപടി സെന്‍സര്‍ഷിപ്പാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രാജ്യസഭയില്‍ പ്രതിഷേധിച്ചു. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ നീക്കിയതില്‍ ലോക്സഭ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് പരാതി നല്‍കും. അദാനി വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, ബിആര്‍എസ്, എഎപി അംഗങ്ങള്‍ ഇന്നും നോട്ടീസ് നല്‍കി. അനുമതി നിഷേധിച്ചതോടെ അംഗങ്ങള്‍ സഭ ബഹിഷ്കരിച്ച് ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധിച്ചു.