ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ പ്രശ്നക്കാരായ കാട്ടാനകളെ നിരീക്ഷിക്കാന്‍ വയനാട്, ഇടുക്കി ദ്രുതകര്‍മ സേനകളുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന തുടങ്ങി
തൊടുപുഴ: ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ പ്രശ്നക്കാരായ കാട്ടാനകളെ നിരീക്ഷിക്കാന്‍ വയനാട്, ഇടുക്കി ദ്രുതകര്‍മ സേനകളുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന തുടങ്ങി.ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ബുധനാഴ്ച പരിശോധന ആരംഭിച്ചത്. നാല് ദിവസം മുമ്ബാണ് വയനാട്ടില്‍ നിന്നുള്ള ദ്രുതകര്‍മ സേന ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകളില്‍ എത്തിയത്.
പ്രശ്നക്കാരായ കൊമ്ബന്മാരെ നിരീക്ഷിച്ച് വിവരശേഖരണം നടത്തുകയാണ് ലക്ഷ്യം. നാല് ദിവസത്തിനകം വിവരശേഖരണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന നടത്തിയത്. ആനകള്‍ നില്‍ക്കുന്ന സ്ഥലം എളുപ്പത്തില്‍ കണ്ടെത്താനാണ് ഡ്രോണ്‍ ഉപയോഗിക്കുന്നത്. സംഘത്തലവന്‍ ഡോ. അരുണ്‍ സക്കറിയ വ്യാഴാഴ്ച വൈകീട്ടാണ് ജില്ലയിലെത്തുക.
തുടര്‍ന്ന് അദ്ദേഹത്തിന്‍റെ നിര്‍ദേശപ്രകാരം ആയിരിക്കും മറ്റു പ്രവര്‍ത്തനങ്ങള്‍. ആനകളില്‍ റേഡിയോ കോളര്‍ ഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. മതികെട്ടാന്‍ ചോലയിലേക്ക് ആനകളെ തുരത്തുക, അല്ലെങ്കില്‍ പിടികൂടി കൊണ്ടുപോവുക എന്നീ രണ്ടു മാര്‍ഗങ്ങളാണ് വനം വകുപ്പിന് മുന്നിലുള്ളത്. ഇതില്‍ ഏത് സ്വീകരിക്കണമെന്ന് കാര്യത്തില്‍ അരുണ്‍ സക്കറിയയാണ് തീരുമാനമെടുക്കുക.
ജില്ലയിലെ അക്രമകാരികളായ കാട്ടാനകളെ റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ആനകളുടെ സഞ്ചാരപഥം അറിയാന്‍ വാട്സ് ആപ് ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കാനും തീരുമാനമായി. കാട്ടാനശല്യമുള്ള സ്ഥലങ്ങളില്‍ സൂചന ബോര്‍ഡുകളും ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കും. അതേസമയം കാട്ടാന പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന നിരാഹാര സമരം ഒമ്ബതാം ദിവസത്തിലേക്ക് കടന്നു. ഡി.സി.സി ജനറല്‍ സെക്രട്ടറി എം.പി. ജോസാണ് നിരാഹാരമിരിക്കുന്നത്.
കഴിഞ്ഞ ദിവസം വരെ നിരാഹാരമിരുന്ന യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് കെ.എസ്. അരുണിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് എം.പി. ജോസ് നിരാഹാരത്തിലേക്ക് കടന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അരുണിനെ ആശുപത്രിയിലേക്ക് മാറ്റിയത്.