കട്ടപ്പന നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തട്ടിപ്പ്,വസ്ത്രം വാങ്ങിയ ശേഷം യുവതി പണം നൽകാതെ മുങ്ങി,ഗൂഗിൾ പേ വഴി പണം അയച്ചുവെന്ന് കടയുടമയെ തെറ്റിദ്ധരിപ്പിച്ച് യുവതി അപഹരിച്ചത് ആറായിരം രൂപയുടെ വസ്ത്രങ്ങൾ
കട്ടപ്പന ടൗണിൽ പുതിയ ബസ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ഫാഷൻ ബസാർ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്.കഴിഞ്ഞ ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്കാണ് സംഭവം.കളക്റ്ററേറ്റിലെ ജീവനക്കാരിയാണ് എന്ന് പരിചയപ്പെടുത്തിയാണ് 35 വയസ്സിനു മുകളിൽ പ്രായമുള്ള യുവതി കടയിൽ എത്തിയത്.നഗരസഭയിൽ ഒരു മീറ്റിങ്ങിൽ പങ്കെടുക്കുവാൻ എത്തിയതാണെന്ന് പറഞ്ഞു യുവതി കടയുടമ യുസഫും ഭാര്യ ഷിംലയുമായി അടുപ്പം സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് 3 സാരീ ഉൾപ്പടെ 5740 രൂപയുടെ വസ്ത്രങ്ങൾ യുവതി വാങ്ങി,പിന്നീട് കടയിലുണ്ടായിരുന്ന യൂ പി ഐ സ്കാനർ വഴി യുവതി പണം കൈമാറിയതായി തെറ്റിദ്ധരിപ്പിച്ചു.പണം അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടില്ല എന്ന് കടയുടമ പറഞ്ഞെങ്കിലും ബാങ്കിന്റെ പ്രശ്നമാകും,അരമണിക്കൂറിനുള്ളിൽ പണം കയറിയില്ലെങ്കിൽ ഫോൺ ചെയ്താൽ മതിയെന്ന് പറഞ്ഞ് യുവതി മൊബൈൽ നമ്പറും നൽകി കടയിൽ നിന്നും മടങ്ങി.അര മണിക്കൂറിനു ശേഷവും പണം അക്കൗണ്ടിൽ വരാതായതോടെ യുവതി നൽകിയ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും വ്യാജമായിരുന്നു.സമീപത്തെ സി സി റ്റി വി ക്യാമറകൾ പരിശോധിച്ചെങ്കിലും തട്ടിപ്പ് നടത്തിയ വനിതയുടെ മുഖം വ്യക്തമായില്ല.സംഭവത്തിൽ കടയുടമ പോലീസിൽ പരാതി നൽകി.മുൻപും കട്ടപ്പനയിൽ സമാനമായ രീതിയിൽ കടകളിൽ തട്ടിപ്പ് നടന്നിട്ടുണ്ട്,യൂ പി ഐ വഴി പണം വാങ്ങുമ്പോൾ വ്യാപാരികൾ ജാഗ്രത പുലർത്തണമെന്ന് വിദഗ്ദ്ധരും പറയുന്നു.