സംസ്ഥാനത്തെ ഓട്ടോറിക്ഷ തൊഴിലാളികളെ കേരള വിനോദസഞ്ചാരത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരും ഓട്ടോറിക്ഷകളെ ടൂറിസം പ്രചാരകരുമാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷ തൊഴിലാളികളെ കേരള വിനോദസഞ്ചാരത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരും ഓട്ടോറിക്ഷകളെ ടൂറിസം പ്രചാരകരുമാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയില്‍.ഇതിന്റെ ഭാഗമായി വയനാട്ടില്‍ ഇതിനായി ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി കഴിഞ്ഞു.
കേരളത്തിലെ കടല്‍തീരമുള്ള എല്ലാ ജില്ലകളിലും ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്‌ജ് ഒമ്ബത് ജില്ലകളിലേക്കു കൂടി വ്യാപിക്കും. കാസര്‍കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലേക്കാണ് വ്യാപിപ്പിക്കുക. ഓരോ ജില്ലയിലും ഓരോ ബീച്ചുകളിലാണ് ഇത് സ്ഥാപിക്കുക. രണ്ടാം ശനിക്ക് മുമ്ബുള്ള വെള്ളിയാഴ്ചയും ശനിയും കണക്കാക്കി നൈറ്റ് ലൈഫ് പദ്ധതി കൊണ്ടുവരുന്നതിനുള്ള പദ്ധതികള്‍ പുരോഗമിച്ച് വരുകയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ക്യാരവാന്‍ പാര്‍ക്കുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് കെടിഡിസികളുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിക്കും. ക്യാരവാന്‍ ടൂറിസം പരിധിയില്‍ ഗ്രാമീണ മേഖലകളെ കൂടി ഉള്‍പ്പെടുത്താനുള്ള ശ്രമവും ആരംഭിച്ചു. സഞ്ചാരികള്‍ കേരളത്തിലേക്ക് കൂടുതലായി എത്തുന്നത് സുരക്ഷിതമായ ഇടമെന്ന കാരണത്താല്‍ കൂടിയാണ്. കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ പരിശീലനം ലഭിച്ച 184 ടൂറിസം പൊലീസുകാരെ ജില്ലകളില്‍ വിന്യസിച്ചുകഴിഞ്ഞു. ക്രൂയീസ് പദ്ധതികളുടെ സാധ്യത മനസിലാക്കി സംസ്ഥാനത്തും ഇത് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.