വാണിജ്യ കേന്ദ്രമായ അടിമാലിയില്‍ ഗതാഗതം കുത്തഴിഞ്ഞ നിലയില്‍
അടിമാലി: വാണിജ്യ കേന്ദ്രമായ അടിമാലിയില്‍ ഗതാഗതം കുത്തഴിഞ്ഞ നിലയില്‍. ട്രാഫിക് പൊലീസ് ഇല്ലാത്തതാണ് മുഖ്യ കാരണമെന്ന ആക്ഷേപം ശക്തമാണ്.സെന്‍ട്രല്‍ ജങ്ഷനിലടക്കം സ്ഥിതി അതിഗുരുതരമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കൊച്ചി- ധനുഷ്കോടി, അടിമാലി- കുമളി ദേശീയപാതകള്‍ സംഗമിക്കുന്ന അടിമാലി സെന്‍ട്രല്‍ ജങ്ഷന്‍ മുതല്‍ കല്ലാര്‍കുട്ടി റോഡില്‍ പാല്‍ക്കോ പെട്രോള്‍ പമ്ബ് വരെയും അടിമാലി അമ്ബലപ്പടി മുതല്‍ ഗവ. ഹൈസ്കൂള്‍ ജങ്ഷന്‍ വരെയും ഗുരുതര ഗതാഗത പ്രശ്നങ്ങളാണ്.
ടാക്സി, ഓട്ടോ ഉള്‍പ്പെടെ വാഹനങ്ങളുടെ കടന്നുകയറ്റമാണ് വലിയ വെല്ലുവിളി. കൂടാതെ വ്യാപാരികളുടെ വാഹനങ്ങളും റോഡ് കൈയടക്കുന്നു. ഇതോടെ, രാവിലെ മുതല്‍ ടൗണില്‍ വാഹനങ്ങള്‍ നിറഞ്ഞ് കവിയും.
ഇതിന് പുറമെ വിവിധ ആവശ്യങ്ങളുമായി എത്തുന്നവരുടെയും വിനോദസഞ്ചാരികളുടെയും വാഹനങ്ങള്‍ കൂടിയാകുമ്ബോള്‍ നടപ്പാതകളടക്കം വീര്‍പ്പുമുട്ടും. യാത്രക്കാരെ കയറ്റാന്‍ സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകളുടെ മത്സരംകൂടി ആകുമ്ബോള്‍ കാല്‍നടക്കാര്‍ ശരിക്കും പെരുവഴിയിലാകും. ബസ്സ്റ്റാന്‍ഡ് കവാടമായ ഹില്‍ ഫോര്‍ട്ട് ജങ്ഷനില്‍ തിരക്കും അപകടങ്ങളും പതിവാണ്.
സര്‍വിസ് ബസുകള്‍ എല്ലാ സമയത്തും യാത്രക്കാരെ കയറ്റാന്‍ നിര്‍ത്തിയിടുന്നതാണ് പ്രശ്നം. ഇവിടെ ബസ് നിര്‍ത്തിയിടുന്നതും ആളുകളെ വിളിച്ചുകയറ്റുന്നതും ജീവനക്കാര്‍ തമ്മിലെ സംഘട്ടനത്തിനും കാരണമാകുന്നു.
ബസ്സ്റ്റാന്‍ഡിലെ വണ്‍വേ മാറ്റിയാല്‍ ഇതിന് പരിഹാരമാകും. കല്ലാര്‍കുട്ടി റോഡിലെ കയറ്റിറക്ക് പ്രശ്നവും പരിഹരിക്കേണ്ടതുണ്ട്. ബസ്സ്റ്റാന്‍ഡില്‍ പൊലീസ് ഡ്യൂട്ടി നിലച്ചതിനാല്‍ സമാന്തര ഓട്ടോ സര്‍വിസും അനധികൃത പാര്‍ക്കിങ്ങും വീണ്ടും തലപൊക്കിയിട്ടുണ്ട്. 10 പേര്‍ മാത്രമാണ് അടിമാലി ട്രാഫിക് യൂനിറ്റില്‍ ഉള്ളത്.
ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ട്രാഫിക് ഉപദേശകസമിതി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് വ്യാപരി വ്യവസായി സമിതി അടിമാലി യൂനിറ്റ് പഞ്ചായത്തിന് നിവേദനം നല്‍കി.