ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷിനുമായി ആർബിഐ
ദില്ലി: ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷീൻ ആശയവുമായി റിസർവ് ബാങ്ക്. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിൽ ഇക്കാര്യം അറിയിച്ചത്. നാണയങ്ങളുടെ വിതരണം പ്രോത്സാഹിപ്പിക്കുന്നതിനും നാണയങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാകുന്നതെന്ന് ഗവർണർ പറഞ്ഞു.
റിസർവ് ബാങ്ക് തുടക്കത്തിൽ 12 നഗരങ്ങളിൽ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷീൻ (ക്യുസിവിഎം) പദ്ധതി ആരംഭിക്കുമെന്നും ഇത് സാധാരണക്കാർക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നാണയങ്ങളുടെ പ്രചാരം പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്കുകൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുമെന്നും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി പിന്നീട് പഠനങ്ങളുടെ അടിസ്ഥാനത്തിൽ വിപുലീകരിക്കുമെന്നും ഈ യന്ത്രങ്ങൾ ഉപയോഗിച്ച് നാണയങ്ങളുടെ വിതരണം പ്രോത്സാഹിപ്പിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകുമെന്നും ഗവർണർ പറഞ്ഞു.