കേരളത്തിലെ വിദ്യാർഥികൾ വിദേശത്തേക്ക് പോകുന്നത് പഠിക്കാൻ കൗൺസിൽ രൂപീകരിച്ചെന്ന് മന്ത്രി
തിരുവന്തപുരം: കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്നതിനെ കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി ആർ ബിന്ദു അറിയിച്ചു. വിദേശത്ത് പഠിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ തലങ്ങളിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് സർക്കാരിന്റെ നടപടി.
ഈ വിഷയത്തിൽ പ്രതിപക്ഷം പലതവണ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം കുറവായതിനാലാണ് കുട്ടികൾ വിദേശത്തേക്ക് പോകുന്നതെന്നും ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് വീഴ്ച പറ്റിയെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന് മറുപടിയായാണ് മന്ത്രി ആർ ബിന്ദു സർക്കാർ നടപടികളെക്കുറിച്ച് വിശദീകരിച്ചത്. വിഷയം പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. കൗൺസിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും അതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.