അതിരപ്പിള്ളിയിലെ ഭൂപ്രകൃതിക്ക് അനുസൃതമായ രീതിയില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാസ്റ്റര്‍പ്ലാന്‍ തയാറാക്കാന്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍
ചാലക്കുടി: അതിരപ്പിള്ളിയിലെ ഭൂപ്രകൃതിക്ക് അനുസൃതമായ രീതിയില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാസ്റ്റര്‍പ്ലാന്‍ തയാറാക്കാന്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അതിരപ്പിള്ളിയിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നടപടി.
കഫ്തീരിയ, പാര്‍ക്കിങ്, ശുചിമുറികള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. ട്രക്കിങ്, സഫാരി പോലുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ വേണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. അതിരപ്പിള്ളിയിലെ വിനോദസഞ്ചാരം വികസിച്ചാല്‍ തുടര്‍ച്ചയായ വന്യജീവി ആക്രമണം മൂലം കൃഷി ചെയ്യാന്‍ സാധിക്കാത്ത പ്രദേശവാസികള്‍ക്കും ആദിവാസികള്‍ക്കും മറ്റൊരു വരുമാന മാര്‍ഗം രൂപപ്പെടും.
വാഴച്ചാല്‍ ഡിവിഷനിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനുമായി ബന്ധപ്പെട്ട് മുമ്ബ് ടൂറിസം ക്ലിയറിങ് കമ്മിറ്റിക്ക് സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ മാറ്റംവരുത്തി നല്‍കാന്‍ ആവശ്യപ്പെട്ടതായി അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.
സമഗ്ര പദ്ധതി രണ്ട് മാസത്തിനകം തയാറാക്കുമെന്ന് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ (പ്ലാനിങ് ആന്‍ഡ് ഡെവലപ്മെന്‍റ്) അറിയിച്ചു. പ്രത്യേക അനുമതി ആവശ്യമില്ലാത്ത അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കണം. ആവശ്യാനുസരണം പൊളിക്കാന്‍ സാധിക്കുന്ന കണ്ടെയ്നര്‍ നിര്‍മിതികള്‍ അനുവദിക്കുന്നത് പരിഗണിക്കാനും തീരുമാനിച്ചു.