പ്രാണന്റെ വിലയാണ്… ഇങ്ങനെ കൂട്ടരുതേ; ഓക്‌സിമീറ്റര്‍ വില നിയന്ത്രണം വിട്ടു കുതിക്കുന്നു, കണ്ണടച്ചു കേന്ദ്രവും
കൊച്ചി• കോവിഡിന്റെ രണ്ടാം വരവു ഭീകരമാകുമ്പോൾ പൾസ് ഓക്സിമീറ്റർ വീട്ടിൽ അത്യാവശ്യം വേണ്ട ഒന്നായി മാറിയിരിക്കുകയാണ്. ക്ലോത്ത് ക്ലിപ്പിന്റെ ആകൃതിയിലുള്ള ഈ മെഡിക്കൽ ഇലക്ട്രോണിക് ഡിവൈസ് വിരലിൽ ഘടിപ്പിച്ചാൽ ശരീരത്തിലെ ഓക്സിജന്റെ (എസ്പിഒ2) അളവു കൃത്യമായി കണ്ടുപിടിക്കാൻ കഴിയും. സാച്ചുറേഷൻ ഓക്സിജൻനില നിശ്ചിത നിലവാരത്തിനു (94) താഴെയാണെന്നു കണ്ടാൽ ഉറപ്പായും ആശുപത്രിയിൽ പോകണമെന്ന് ഡോക്ടർമാർ പറയുന്നു.
കോവിഡിനു മുൻപ് ആശുപത്രി ഉപകരണമായിരുന്ന പൾസ് ഓക്സിമീറ്റർ വ്യക്തിഗത ഉപയോഗത്തിനുള്ള വീട്ടുപകരണമായി മാറുമ്പോൾ ഡിമാൻഡ് വൻതോതിൽ ഉയരുകയാണ്. ഡിമാൻഡ് ഉയരുന്നതിനനുസരിച്ചു വിലയും നിയന്ത്രണം വിട്ടു കുതിക്കുന്നു. ഉൽപന്നം പലയിടത്തും കിട്ടാനില്ലാത്ത സ്ഥിതിയുമുണ്ട്. വിലയും ഡിമാൻഡും ഉയർന്നു നിൽക്കുമ്പോൾ വ്യാജൻമാരും സുലഭം. മെഡിക്കൽ ഉപകരണമായതുകൊണ്ടുതന്നെ ശ്രദ്ധയോടെ വേണം ഓക്സിമീറ്റർ വാങ്ങാൻ.
ഓക്സിജൻനില പരിശോധിക്കാൻ
രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ 94നും താഴെയായാൽ വൈദ്യസഹായം തേടേണ്ട സാഹചര്യമുണ്ട്. ആസ്ത്മ, സിഒപിഡി പോലുള്ള ഗുരുതര ശ്വാസകോശരോഗങ്ങൾ എന്നിവയുള്ളവരുടെ വീടുകളിലാണു മുൻപ് പൾസ് ഓക്സിമീറ്റർ, ഓക്സിജൻ കോൺസൻട്രേറ്റർ തുടങ്ങിയ ഉപകരണങ്ങൾ ആവശ്യമുണ്ടായിരുന്നത്. ലക്ഷണങ്ങളില്ലാതെ കോവിഡ് പോസിറ്റീവ് ആകുന്നവർക്കും ഓക്സിജൻ നില അറിഞ്ഞ്, ആവശ്യമെങ്കിൽ ചികിത്സ തേടാമെന്ന പ്രയോജനവുമുണ്ട്. പൾസ് ഓക്സിമീറ്ററിൽ പരിശോധന കഴിഞ്ഞ് 6 മിനിറ്റ് നടന്നതിനു ശേഷം വീണ്ടും പരിശോധിക്കണമെന്നും അപ്പോഴും ഓക്സിജൻ സാച്ചുറേഷൻ കുറയുകയാണെങ്കിൽ ആശുപത്രിയിൽ എത്തി ചികിത്സ തേടണമെന്നും ഐഎംഎ വ്യക്തമാക്കുന്നു.
രക്തത്തിലെ ചുവന്ന രക്താണുക്കളിൽ എത്രമാത്രം ഓക്സിജൻ ഉണ്ട് എന്നാണ് പരിശോധിക്കപ്പെടുന്നത്. ഈ ഓക്സിജൻ സാച്ചുറേഷൻനില ആരോഗ്യത്തെ സൂചിപ്പിക്കുന്ന നിർണായക അളവുകോലുമാണ്. ഗുരുതര രോഗമുള്ളവരുടെ ഓക്സിജൻ നില ഇടയ്ക്കിടെ പരിശോധിക്കാറുണ്ട്. പൾസ് ഓക്സിമീറ്റർ വിരലിൽ ഘടിപ്പിക്കുമ്പോൾ ചെറുരക്തക്കുഴലുകളിലേക്ക് ഇൻഫ്രാറെഡ് കിരണങ്ങളെ കടത്തിവിട്ടാണ് ഓക്സിജൻ സാച്ചുറേഷന്റെ (എസ്പിഒ2) അളവു ലഭ്യമാക്കുന്നത്. മീറ്ററിലെ റീഡിങ് 2 ശതമാനം മുകളിലേക്കോ താഴേക്കോ ആകാനുള്ള സാധ്യത ഈ പരിശോധനയിലുണ്ട്.
വിരലിൽ കടുംനിറത്തിലുള്ള നെയിൽപോളിഷ് ഉള്ളപ്പോഴോ കടുത്ത ജലദോഷമുള്ളപ്പോഴോ തുടങ്ങി ചില സാഹചര്യങ്ങളിൽ റീഡിങ്ങിൽ വ്യത്യാസമുണ്ടാകാം. ഏറ്റവും ലളിതമായി രക്തമെടുക്കാതെ രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ നില കണ്ടെത്താനുള്ള മാർഗമാണിത്. ഓക്സിജൻ സാച്ചുറേഷൻ സാധാരണ അളവിലാണെങ്കിൽ പൾസ് ഓക്സി മീറ്ററിലെ റീഡിങ് 95–100 ന് ഇടയിലായിരിക്കും. അളവു 94നു താഴെ കണ്ടൽ കോവിഡ് രോഗികൾ ശ്രദ്ധിക്കണമെന്നു പറയുന്നത് അതുകൊണ്ടാണ്. ശ്വാസതടസ്സമാണ് രക്തത്തിലെ ഓക്സിജൻ കുറയുന്നതിന്റെ പ്രകടമായ ലക്ഷണം.
പൾസ് ഓക്സിമീറ്റർ വാങ്ങുമ്പോൾ…
ഡിമാൻഡ് ഉയർന്നതോടെ ഓക്സിമീറ്ററിന്റെ വില റോക്കറ്റുപോലെ കുതിക്കുകയാണ്. ഇലക്ട്രോണിക് മെഡിക്കൽ ഉപകരണങ്ങളുടെ വിലയിലോ ഗുണമേന്മയിലോ സർക്കാരിനു കാര്യമായ നിയന്ത്രണമില്ലാത്തതിനാൽ വിപണി കുത്തഴിഞ്ഞ സ്ഥിതിയിലും. ഉൽപന്നങ്ങൾ മിക്കവയും ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ വിൽപന വൻതോതിൽ വർധിച്ചതോടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ഉൽപന്നങ്ങൾ കിട്ടാത്ത സ്ഥിതിയുണ്ട്. നിലവിൽ കേരളത്തിലെ മെഡിക്കൽ ഷോപ്പുകളിലും വളരെക്കുറച്ചുമാത്രമാണ് സ്റ്റോക്കുള്ളത്.