കോടതി ഇടപെടല്‍ ഉണ്ടായിട്ടും സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഹൈക്കോടതി
കൊച്ചി: കോടതി ഇടപെടല്‍ ഉണ്ടായിട്ടും സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഹൈക്കോടതി.ഇനിയും ഉത്തരവിട്ടിട്ട് കാര്യമില്ലെന്നും റോഡുകളുടെ മോശം അവസ്ഥയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ കോടതി വ്യക്തമാക്കി. റോഡ് സുരക്ഷയുടെ കാര്യത്തില്‍ കോടതിയാണോ സര്‍ക്കാരാണോ കൂടുതല്‍ വ്യാകുലപെടേണ്ടതെന്നും കോടതി ചോദിച്ചു. ഉദ്യോഗസ്ഥര്‍ക്കൊക്കെ ധാര്‍ഷ്ട്യവും അഹങ്കാരവുമാണ്. സര്‍ക്കാരും ഈ വിഷയത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
എംജി റോഡുകളില്‍ ഇത്രയുമധികം കുഴികള്‍ നിരന്നിരിക്കുന്നത് ആരുടെ കുറ്റം കൊണ്ടാണ്. ജില്ല കളക്ടര്‍ എന്തു ചെയ്തു. എന്തെങ്കിലും നടപടി സ്വീകരിച്ചതായി പറയാനാവുമോ എന്നും ചോദിച്ച കോടതി ഒരു ജീവന് നഷ്ടമായാല്‍ എന്ത് സംഭവിക്കാനാണെന്ന ഭാവമാണ് സര്‍ക്കാരിനെന്നും കുറ്റപ്പെടുത്തി. ഇവിടെ കുഴികളുള്ള റോഡുകള്‍ റിബണ്‍ ഉപയോഗിച്ച് മറയ്ക്കുകയാണല്ലോ പതിവ്, വിഷയത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് പോലും വന്നിട്ടില്ല. അമിക്കസ് ക്യൂറിയാണ് മരിച്ച കുട്ടിയുടെ കാര്യം കോടതിയുടെ ശ്രദ്ധയിലെത്തിച്ചതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചൂണ്ടിക്കാട്ടി.
കളക്ടര്‍ നടപടിയെടുക്കാത്തതുമൂലമാണ് ഉദ്യോഗസ്ഥര്‍ അനാസ്ഥകാണിക്കുന്നതെന്നും ഉദ്യോഗസ്ഥരുടെ നിസംഗത ക്രിമിനല്‍ കുറ്റമാണെന്നും കോടതി പറഞ്ഞു. 10 ദിവസത്തോളം കുഴികള്‍ നന്നാക്കാതെയിരുന്നത് ഞെട്ടിക്കുന്ന വിഷയമാണ്. മരണത്തെ വിളിച്ചു വരുത്തുകയായിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ട് വന്നിട്ട് ബാക്കി പറയാമെന്ന് വ്യക്തമാക്കിയ കോടതി, കേസ് മറ്റന്നാള്‍ വീണ്ടും പരിഗണിക്കാന്‍ മാറ്റി.