സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 50 രൂപ മുതല്‍ 550 രൂപ വരെയാണ് വെള്ളക്കരം കൂട്ടിയിരിക്കുന്നത്.1000 ലിറ്റര്‍ വരെ ഉപയേഗിക്കുന്നതിന് 14.41 രൂപയാണ് പുതുക്കിയ നിരക്ക്. ഇതിന് ശേഷം 5000 ലിറ്റര്‍ വരെ ഉപയോഗിക്കുന്ന ആദ്യ സ്ലാബിന് 72.05 രൂപയാണ് പുതുക്കിയ നിരക്ക്. നേരത്തെ 5000 ലിറ്ററിന് നിരക്ക് 22.05 രൂപയായിരുന്നു. ഫെബ്രുവരി മൂന്നാം തിയതി പ്രാബല്യത്തില്‍ വന്നുവെന്ന തരത്തിലുള്ള പുതുക്കിയ സ്ലാബാണ് ജല അതോരിറ്റി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
വെള്ളക്കരം വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി സമാനതകളില്ലാത്ത ക്രൂരതയെന്ന് പ്രതിപക്ഷം ആരോപിച്ചു. ക്രൂരമായ നികുതി അക്രമമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ആരാച്ചാര്‍ക്കുള്ള ദയ പോലും സര്‍ക്കാറിനില്ലെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി എം വിന്‍സെന്റ് കുറ്റപ്പെടുത്തി. വാട്ടര്‍ അതോറിറ്റിയെ നിലനിര്‍ത്താനുള്ള ചെറിയ വര്‍ധന മാത്രമാണ് ഇപ്പോഴത്തേതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ മറുപടി നല്‍കി .
സ്വന്തമായി കണക്ഷനെടുക്കാന്‍ കഴിയാത്ത പതിനാലര ലക്ഷം ആളുകള്‍ക്ക് വെള്ളക്കരം വര്‍ധന ബാധകമാകുമെന്നും കിട്ടാത്ത വെള്ളത്തിനും ചാര്‍ജ് അടക്കേണ്ടി വരുമെന്നും പറഞ്ഞ എം വിന്‍സെന്റ് ജലജീവന്‍ മിഷന്റെ പേരില്‍ മോദി സര്‍ക്കാരും പിണറായി സര്‍ക്കാരും ജനങ്ങളെ പിടികൂടിയിരിക്കുകയാണെന്നും പറഞ്ഞു.
എന്നാല്‍ കാലാകാലങ്ങളില്‍ വര്‍ധിപ്പിക്കേണ്ടി വരുമെന്നും ജനങ്ങളോടൊപ്പം പ്രതിപക്ഷവും സഹകരിക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്ബോള്‍ 17.5 ലക്ഷം കണക്ഷന്‍ ആണ് ഉണ്ടായിരുന്നതെന്നും സര്‍ക്കാര്‍ വന്നശേഷം 13 ലക്ഷം കണക്ഷന്‍ കൂടി നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി
നികുതി വര്‍ധനവിന് എതിരെ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ നടത്തുന്ന സത്യഗ്രഹം രണ്ടാം ദിനവും തുടരുകയാണ്. ഇന്നലെയും വര്‍ധിപ്പിക്കുന്ന ബജറ്റ് നിര്‍ദേശത്തില്‍ സംസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു.