ഇടുക്കി അതിര്‍ത്തിയില്‍ കാട്ടാന ശല്യം രൂക്ഷം.
ഇടുക്കി: കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി- തമിഴ്‌നാട് അതിര്‍ത്തി നിവാസികള്‍. അതിര്‍ത്തി മേഖലകളായ തേവാരംമെട്ട്, അണക്കരമെട്ട്, മാന്‍കുത്തി മേട്ട് എന്നിവിടങ്ങളിലെ ജനങ്ങളാണ് ഭീതിയില്‍ കഴിയുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് കൂട്ടത്തോടെയെത്തുന്ന ഇവ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്.
ആന ശല്യം പതിവായതോടെ തേവാരംമെട്ടിലും അണക്കരമെട്ടിലും നെടുങ്കണ്ടം പഞ്ചായത്ത് സോളാര്‍ ഫെന്‍സിങ് ഒരുക്കി. എന്നാല്‍ ഉടുമ്ബന്‍ചോല ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ആദിവാസി മേഖലയായ മാന്‍കുത്തി മേട്ടിലെ ഫെന്‍സിങ് വെറും വാഗ്‌ദാനം മാത്രമായി. മാത്രമല്ല ഫെന്‍സിങ് സ്ഥാപിച്ചയിടം തമിഴ്‌നാട് വനമേഖലയാണെന്നാരോപിച്ച് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇതെല്ലാമുണ്ടായിട്ടും നെടുങ്കണ്ടം പഞ്ചായത്ത് പദ്ധതി പൂര്‍ത്തീകരിച്ചു. വനമേഖലയോട് ഏറ്റവും അടുത്തുള്ള മാന്‍കുത്തിമേട്ടില്‍ ഫെന്‍സിങ്ങിന് പകരം ട്രഞ്ചാണ് നിര്‍മിച്ചത്. എന്നാല്‍ ഇതെല്ലാം മറികടന്നാണ് കാട്ടാനകള്‍ ജനവാസ മേഖലയിലെത്തുന്നത്. തേവാരംമെട്ടിലും അണക്കരമെട്ടിലുമായി 1600 മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഫെന്‍സിങ് സ്ഥാപിച്ചിരിക്കുന്നത്.
അതിര്‍ത്തിയില്‍ കാട്ടാനകള്‍ എത്താറുണ്ടെങ്കിലും ഫെന്‍സിങ് മറികടന്ന് ഇവ ഇപ്പോള്‍ ജനവാസ മേഖലയിലേയ്ക്ക് കടക്കാറില്ല. അതേസമയം മാന്‍കുത്തിമേട് നിവാസികള്‍ ഇപ്പോഴും കാട്ടാന ഭീതിയില്‍ കഴിയുകയാണ്. കാട്ടാന കൂട്ടം ജനവാസ മേഖയിലെത്തിയാല്‍ ആഴിക്കൂട്ടിയും പടക്കം പൊട്ടിച്ചുമാണ് ഇവിടെയുള്ളവര്‍ ആനയെ തുരത്തുന്നത്.